കോഴിക്കോട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് സമാനമായിരുന്നു കഴിഞ്ഞ വര്‍ഷം ആറന്‍മുള പൊലീസും ചെയ്തത്. ഡിവൈഎഫ്ഐ നേതാവ് മര്‍ദിച്ചെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ വൈകി കേസെടുത്ത പൊലീസ് പരാതിക്കാരിക്കെതിരെ തുടരെ രണ്ടു കേസുകള്‍ എടുത്തിരുന്നു. സുപ്രീംകോടതി വരെ ജാമ്യാപേക്ഷ തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനും പൊലീസ് തയാറായില്ല .
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഇരുപതിനാണ് കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജിലെ വിദ്യാര്‍ഥിനിയെ എസ്എഫ്ഐ നേതാവും സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗവുമായ ജെയ്സണ്‍ ജോസഫ് ഉപദ്രവിക്കുന്നത്. പരുക്കേറ്റ് ആശുപത്രിയില്‍ ആയി മൂന്നു ദിവസമായിട്ടും ആറന്‍മുള പൊലീസ് കേസെടുക്കാതെ വന്നതോടെ യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു
പ്രതിഷേധത്തിന് പിന്നാലെ ജെയ്സണ് എതിരെ കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ക്കകം പെണ്‍കുട്ടിക്കെതിരെ രണ്ട് കേസെടുത്തു. എസ്എഫ്ഐ പ്രവര്‍ത്തകയെ ആക്രമിച്ചു എന്നായിരുന്നു ആദ്യകേസ്. മറ്റൊരു എസ്എഫ്ഐ പ്രവര്‍ത്തകനെ ജാതിപ്പേര് വിളിച്ചു എന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പിട്ടും കേസെടുത്തു. കൂട്ടുപ്രതികള്‍ക്കെല്ലാം ജാമ്യം അനുവദിച്ചെങ്കിലും ജെയ്സന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെ കീഴങ്ങാന്‍ നിര്‍ദേശിച്ചു.
അക്രമം നടന്ന് മൂന്നു മാസത്തിന് ശേഷം മാര്‍ച്ച് പത്തിനാണ് ജെയ്സണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കം വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും ജെയ്സണെ ജാമ്യം തള്ളിയ കാലത്ത് അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിരുന്നില്ല. ജാതിപ്പേര് വിളിച്ചെന്ന കേസില്‍ പെണ്‍കുട്ടി കഴിഞ്ഞ ദിവസം സമന്‍സ് കൈപ്പറ്റിയിട്ടുണ്ട്.