Image Credit ; Facebook

സിഎംആര്‍എല്‍–എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ എസ്എഫ്‌ഐഒ വീണ വിജയന്റെ മൊഴിയെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെയും  കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മൊഴിയെടുത്തില്ലെങ്കില്‍ ഡീല്‍l. മൊഴിയെടുത്താലും ഡീല്‍!. ഇതാണ് കോണ്‍ഗ്രസ്സിന്റെയും കോണ്‍ഗ്രസ്സിന്റെ ദല്ലാള്‍ മാധ്യമങ്ങളുടേയും ഡീല്‍ ഓര്‍ നോ ഡീലെന്ന് പരിഹാസ രൂപേണെ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ചെന്നൈയിലെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയായിരുന്നു വീണാ വിജയനില്‍ നിന്ന് മൊഴിയെടുത്തത്. എസ്.എഫ്.ഐ.ഒ കേസ് ഏറ്റെടുത്ത് 10 മാസത്തിന് ശേഷമാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. അതീവരഹസ്യമായാണ് എസ്.എഫ്.ഐ.ഒ മൊഴിയെടുക്കല്‍ നടത്തിയത്. 

അതേസമയം, കെഎസ് ഐഡിസിക്ക് ഓഹരി പങ്കാളിത്തമുള്ള സിഎംആർഎൽ കമ്പനി, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടിൽ കെഎസ്ഐഡിസി ജനറൽ മാനേജരുടെ മൊഴി കഴിഞ്ഞ ദിവസം എസ്.എഫ്.ഐ.ഒ എടുത്തിരുന്നു. കെഎസ്ഐഡിസിയുടെ ചീഫ് ഫിനാൻസ് ഓഫിസർ കൂടിയായ കെ.അരവിന്ദാക്ഷന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. കെഎസ്ഐഡിസിയുടെ ഏതാനും സാമ്പത്തികവർഷങ്ങളിലെ റിപ്പോർട്ടുകൾ അടക്കമുള്ള രേഖകളും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഹാജരാക്കിയതായാണ് വിവരം. 

എക്സാലോജിക്– സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ എസ്എഫ്ഐഒ വീണാ വിജയന്‍റെ മൊഴിയെടുത്തതില്‍ പുതുമയില്ലെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. ഈ വിഷയത്തിലെ നിലപാട് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്. താന്‍ ഒളിച്ചോടിയെന്ന് പറയാതിരിക്കാനാണ് പ്രതികരിച്ചതെന്നും റിയാസ് മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. 

തൃശൂര്‍ ലോക്സഭ സീറ്റിന് വേണ്ടി കോംപ്രമൈസ് നടന്നുവെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത്. ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് നേരത്തെ തന്നെ പാര്‍ട്ടി പറഞ്ഞതാണ്. ബിജെപി ഇതര സര്‍ക്കാരുകള്‍ക്കെതിരെ എടുക്കുന്ന നിലപാടിന്‍റെ ഭാഗമായുള്ളതാണ് നടപടികളെന്നും മന്ത്രി പറഞ്ഞു. ആര്‍എസ്എസിന്‍റെ പ്രധാന ശത്രുക്കളില്‍ ഒരാള്‍ മുഖ്യമന്ത്രിയാണ്, അതുകൊണ്ട് ഇത്തരം നടപടികളില്‍ പുതുമയില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

K. Surendran's Response to SFIO's Interrogation of Veena Vijayan