കോഴിക്കോട് അത്തോളിക്കടുത്ത് കോളിയോട്ട് താഴത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല്പതോളം പേർക്ക് പരുക്ക്. കുറ്റ്യാടി നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട് ഭാഗത്ത് നിന്നും കുറ്റ്യാടിലേക്ക് പോയ സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന്‍റെ കാരണം തേടി മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അപകടം ഉച്ചയ്ക്ക് 1.52 ന്. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എസി ബ്രദേഴ്സ് എന്ന ബസ് നിയന്തണം വിട്ട് കോഴിക്കോട് നിന്ന് എതിർ ദിശയിൽ വന്ന് അജ്‌വ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടു ബസുകളുടെയും മുൻഭാഗവും സീറ്റുകളുമടക്കം തകർന്നു. അജ് വ ബസിലെ ഡ്രൈവർ ബിജുവിനെ മുൻഭാഗം വെട്ടി പൊളിച്ചാണ് പുറത്ത് എടുത്തത്. പരുക്കേറ്റവരിൽ പലരുടെയും പല്ലുകളടക്കം തകർന്നിട്ടുണ്ട്.
പരുക്കേറ്റവരെ ഉള്ളേര്യയിലെ സ്വകാര്യ മെഡിക്കൽ കോളജിലും കോഴിക്കോട്ടെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കുറ്റ്യാടി അന്തോളി റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പതിവും അപകടം തുടർകഥയുമാണെന്ന് നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരോ മിനുറ്റിന്‍റെ പേരിലുള്ള മത്സരയോട്ടങ്ങൾ അവസാനിക്കുന്നത് ഇത്തരം അപകടങ്ങളിലുമാണ്