chottanikkara-family

എറണാകുളം ചോറ്റാനിക്കര കക്കാട് അധ്യാപക ദമ്പതികളെയും രണ്ട് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനാകെ വേദനയായി മാറുകയാണ്. ഏഴും ഒന്‍പതും വയസുളള മകനെയും മകളെയും കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കിയതാവാമെന്നാണ് സംശയം. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് രശ്മി സമാഹമാധ്യമത്തില്‍ മകളുടെ ഒരു വിഡിയോ പങ്കുവച്ചിരുന്നു. സംഗീത അരങ്ങേറ്റത്തിന്‍റെ ആ വിഡിയോയ്ക്കു ശേഷം എത്തുന്നത് കുടുംബത്തിന്‍റെ മരണവാര്‍ത്തയാണ്.

രഞ്ജിത്തിനെയും ഭാര്യ രശ്മിയെയും തൂങ്ങി മരിച്ച നിലയിലും കുട്ടികളെ കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുടുംബത്തിന് സാമ്പത്തികബാധ്യതകളുണ്ടെന്നാണെ് അറിയാന്‍ സാധിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മൃതദേഹങ്ങള്‍ വൈദ്യപഠനത്തിന് നല്‍കണമെന്നും കുറിപ്പിലുണ്ട്.

വര്‍ഷങ്ങളായി കക്കാട് താമസിക്കുന്നവരാണെങ്കിലും നാട്ടുകാരുമായി ഇവര്‍ വലിയ ബന്ധം കാത്തു സൂക്ഷിച്ചിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രശ്നങ്ങളൊന്നും ഉള്ളതായി അറിയില്ല, രാവിലെ ജോലിക്കു പോകും തിരിച്ചുവരും, അതിനപ്പുറം കുടുംബത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീടും പരിസരവുമാകട്ടെ ആള്‍ത്താമസമുണ്ടെന്ന് തോന്നിക്കുംവിധത്തിലുമല്ല.

മുറ്റത്ത് കാടുകയറി തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ സൈക്കിളടക്കം വീട്ടുമുറ്റത്ത് പൊടിപിടിച്ചു കിടക്കുന്നു. വീട്ടില്‍ നിന്ന് പാതികത്തിക്കരിഞ്ഞ നിലയില്‍ ഇൻഹെയ്‌ലര്‍ കുപ്പികളും കണ്ടെത്തി. രഞ്ജിത് ആസ്മ രോഗിയായിരുന്നു. അദ്ദേഹം ഉപയോഗിച്ചവയാകാം ഇതെന്നാണ് കരുതുന്നത്. കണ്ടനാട് സ്കൂളിലെ സംസ്‌കൃതം അധ്യാപകനാണ് രഞ്ജിത്ത്. പൂത്തോട്ട എസ്.എൻ.ഡി,പി സ്‌കൂളിലെ അധ്യാപികയാണ് രശ്മി. അതേ സ്‌കൂളില്‍ തന്നെയായിരുന്നു മക്കളും പഠിച്ചിരുന്നത്. 

രഞ്ജിത്തിനെയും രശ്മിയെയും രണ്ടു ദിവസമായി കാണാതായതോടെ സ്കൂളില്‍ നിന്നും സഹപ്രവര്‍ത്തകര്‍ വിളിച്ചു നോക്കി. ഒരു പ്രതികരണവും ഇല്ലാതായതോടെയാണ് അസ്വാഭാവികത തോന്നി അന്വേഷിക്കുന്നത്. നാട്ടുകാരുള്‍പ്പെടെ വീട്ടിലെത്തിയപ്പോള്‍ കാണുന്നത് നാലുപേരും ജീവനറ്റ് കിടക്കുന്നതാണ്. തൊട്ടടുത്ത് തന്നെ രഞ്ജിത്തിന്‍റെ തറവാട്ട് വീട്ടില്‍ അമ്മയും സഹോദരനും കുടുംബവും താമസിക്കുന്നുണ്ട്. ഇവരും പിന്നീടാണ് മരണവിവരം അറിഞ്ഞത്.

ENGLISH SUMMARY: