naveen-babu-transfer

TOPICS COVERED

പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കാന്‍ എ.ഡി.എമ്മിന് 98, 500 രൂപ കൈക്കൂലി കൊടുത്തെന്ന് പരാതിക്കാരന്‍ പ്രശാന്ത്. ക്വാട്ടേഴ്സില്‍ എത്തിയാണ് കൈക്കൂലി നല്‍കിയത്,  പി.പി ദിവ്യ പറഞ്ഞതുപ്രകാരം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും പ്രശാന്ത്  പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ ഇന്നാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. യാത്രയയപ്പ് ചടങ്ങിനിടെ നവീനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണം. യാത്രയയപ്പിനുശേഷം ഇന്നലെ രാത്രി പത്തനംതിട്ടയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന വീട്ടുകാര്‍, നവീന്‍ ബാബുവിനെ കാണാതായതോടെയാണ് അന്വേഷിച്ചത്. 

Read Also: വിളിക്കാതെ ചെന്നതിന് പിന്നില്‍ ഗൂഢലക്ഷ്യം; പി.പി.ദിവ്യയ്‌ക്കെതിരെ പത്തനംതിട്ട സിപിഎം

യാത്രയയപ്പ് വേദിയിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ എത്തിയത് ക്ഷണിക്കപ്പെടാത്ത അതിഥിയായി. ജില്ലാ കലക്ടര്‍ പങ്കെടുത്ത യോഗത്തില്‍ ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്നും ദിവ്യ പറഞ്ഞു.  

Read Also: തെളിവുണ്ടോ കയ്യില്‍?; മരണത്തില്‍ മറുപടിയുണ്ടോ?; മിണ്ടാട്ടമില്ലാതെ പി.പി ദിവ്യ

വിരമിക്കാന്‍ ഏഴുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ നവീന്‍ ബാബു നാട്ടിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയത്. ഇന്നലെ നാട്ടിലേക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്നു . ബന്ധുക്കള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സറ്റേഷനില്‍ കാത്തുനിന്നു. കാണാതായതോടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മരണവിവരം അറിയുന്നത്. കോന്നി ഡപ്യൂട്ടി തഹസില്‍ദാര്‍ മഞ്ജുഷയാണ്. ഭാര്യ. രണ്ട് പെണ്‍മക്കളും വിദ്യാര്‍ഥികളാണ്. എഡിഎം നവീന്‍ ബാബുവിന്റേത് സിപിഎം കുടുംബമെന്നും ഭാര്യാപിതാവ്. 

Read Also: ‘പാവം മനുഷ്യനാണ്, സത്യസന്ധനാണ്, രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ്’ ; നൊമ്പരം

നവീന്റെ മരണം കൊലപാതകത്തിന് തുല്യമാണെന്നും  കേസെടുത്ത് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പരാതിയുണ്ടെങ്കില്‍ ദിവ്യ ഈ രീതിയിലല്ല കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്ന് സണ്ണി ജോസഫ് എം.എല്‍.എ. കേസെടുത്ത് അന്വേഷണം നടത്തണമെന്നും സണ്ണി ജോസഫ് തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. 

കണ്ണൂരിലേക്ക് സ്ഥലംമാറി എത്തുന്നതിന് മുന്‍പ് കാസര്‍കോടായിരുന്നു നവീന്‍ ബാബു ജോലി ചെയ്തിരുന്നത്. നവീന്‍ ബാബുവിന് എതിരായ അഴിമതി ആരോപണം വിശ്വസിക്കാനാവുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ കാസര്‍കോട്ടെ സഹപ്രവര്‍ത്തകര്‍ പറയുന്നത്. സഹപ്രവര്‍ത്തകരോടും ജനങ്ങളോടും വളരെ നന്നായി പെരുമാറിയിരുന്ന സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു

ENGLISH SUMMARY: