ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി മാത്രം ദര്‍ശനം മതിയെന്ന സര്‍ക്കാര്‍ നിലപാടില്‍ ദുരൂഹത. സിപിഐ സ്പോട്ട് ബുക്കിങ് വേണമെന്ന് ആവശ്യപ്പെട്ടിട്ടും തീരുമാനം മാറ്റാന്‍ തയാറായിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ സ്പോട്ട് ബുക്കിങ് ഫലപ്രദമായി നടപ്പാക്കിയിട്ടും ഈ സംവിധാനം വേണ്ടെന്ന പിടിവാശി എന്തിനാണെന്നാണ് ചോദ്യം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഇത്തവണ ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടനം തുടങ്ങുന്നതിന് മുമ്പുതന്നെ വെര്‍ച്ചല്‍–സ്പോട്ട് ബുക്കിങ്ങ് വിവാദമാണ് മലകയറുന്നത്. മുന്‍വര്‍ഷങ്ങളില്‍ സ്പോട്ട് ബുക്കിങ് ഫലപ്രദമായി നടപ്പാക്കിയിരുന്നു. അതേസമയം മണ്ഡലപൂജ ദിവസങ്ങളിലും മകരവിളക്ക് സമയത്തും തിരക്ക് നിയന്ത്രണാതീതമായതിന് ഒറ്റക്കാരണം സ്പോട്ട് ബുക്കിങ്ങാണ് എന്ന നിഗമനത്തിലാണ് പൊലീസും സര്‍ക്കാരും. കഴിഞ്ഞതവണത്തെക്കാള്‍ ഇത്തവണ തീര്‍ഥാടനകാലത്ത് ഒരുലക്ഷത്തിലേറെ കൂടുതല്‍ ഭക്തര്‍ സ്പോട്ട് ബുക്കിങ് വഴി ദര്‍ശനത്തിനെത്തുകയും ചെയ്തു
ഏതാനം ദിവസത്തെ വലിയ തിരക്ക് കണക്കിലെടുത്ത് തീര്‍ഥാടന കാലംമുഴുവന്‍ വെര്‍ച്വല്‍ ക്യൂ തന്നെ മതിയെന്ന് തീരുമാനിച്ചതിലാണ് ദുരൂഹത.അതുതന്നെയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു കാരണവും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം വന്നയുടന്‍തന്നെ കോണ്‍ഗ്രസ്–ബി.ജെ.പി നേതാക്കള്‍ കടുത്തവിമര്‍ശനം ഉന്നയിക്കുകയും മുന്‍വര്‍ഷത്തെപ്പോലെ സ്പോട്ട് ബുക്കിങ് തുടരമെന്നാവശ്യപ്പെടുകയും ചെയ്തു. ഇതിനുപുറമെയാണ് ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഇതേ ആവശ്യമുന്നയിച്ചത്.
വിവിധ സംഘടനകള്‍ സമരങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. എന്നിട്ടും വെര്‍ച്വല്‍ ക്യൂ വഴി മാത്രം ദര്‍ശനം എന്ന തീരുമാനം മാറ്റമില്ലാതെ തുടരുന്നു.അക്ഷയ സെന്റര്‍ മാതൃകയില്‍ ഇടത്താവളങ്ങളിലും നിലയ്ക്കലിലും പമ്പയിലും വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാന്‍ സംവിധാനമുണ്ടാക്കാനാണ് ശ്രമം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള ഏജന്‍സി മുന്നോട്ടുവന്നിട്ടുണ്ട്. ഉടന്‍ ചേരുന്ന ശബരിമല അവലോകനയോഗത്തിലാകും തീരുമാനം.