naveen-tribute

നവീന്‍ ബാബു(ഇടത്), അന്ത്യകര്‍മങ്ങള്‍ ചെയ്യുന്ന മകള്‍ (വലത്)

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി ചൊല്ലി നാട്. അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് മലയാലപ്പുഴയിലെ വീട്ടിലേക്കും പത്തനംതിട്ട കലക്ട്രേറ്റിലേക്കും എത്തിച്ചേര്‍ന്നത്. അങ്ങേയറ്റം വികാരനിര്‍ഭരമായ അന്ത്യാഞ്ജലിയാണ് പ്രിയപ്പെട്ട മനുഷ്യന് നാടും സഹപ്രവര്‍ത്തകരും നല്‍കിയത്. നവീന്‍റെ മക്കളായ നിരുപമയും നിരഞ്ജനയും ചേര്‍ന്നാണ് അന്ത്യ കര്‍മങ്ങള്‍ ചെയ്തത്.

Read Also: നെഞ്ചിലാണ് നവീന്‍...കണ്ണീരോടെ വിടചൊല്ലി ജന്‍മനാട്; തീരാ നോവ്

കാത്തിരിപ്പിനൊടുവില്‍ നാട്ടിലേക്ക് വരികയാണെന്ന് അറിയിച്ച നവീനെ ഉറ്റവര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി കാത്തിരുന്നുവെങ്കിലും അന്ന് നവീന്‍ എത്തിയില്ല. പകരം നാടും വീടും ഒട്ടും പ്രതീക്ഷിക്കാതെ ചേതനയറ്റ് മടങ്ങി വന്നു. ദിവ്യ എസ്.അയ്യരും പി.ബി നൂഹും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രി കെ.രാജനും വീണാ ജോര്‍ജും നിറകണ്ണുകളോടെ അന്തിമോപചാരം അര്‍പ്പിച്ചു. ചിറ്റയം ഗോപകുമാര്‍, രാജു എബ്രഹാം തുടങ്ങിയവരുമെത്തി

 

മടക്കമില്ലാതെ യാത്ര

സന്തോഷത്തോടെ സ്വീകരിക്കാൻ കാത്തു നിന്നവർക്കു മുന്നിലേക്കു സങ്കടക്കടൽ തീർത്താണു എഡിഎം നവീൻ ബാബുവിന്റെ മരണ വാർത്തയെത്തിയത്. നവീൻ ബാബു ഏറെക്കാലമായി ആഗ്രഹിച്ച നാട്ടിലേക്കുള്ള സ്ഥലംമാറ്റം കൂടിയായതിനാലാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കാൻ ഭാര്യയും മക്കളും പുലർച്ചെ തന്നെ നേരിട്ടു പോയത്. മലബാർ എക്സ്പ്രസിൽ എത്തുമെന്നാണു വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാൽ ഭാര്യയും മക്കളും റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കുമ്പോൾ നവീൻ ബാബു ഇനിയൊരു മടക്കമില്ലാതെ യാത്രയിലായിരുന്നു. 

ട്രെയിൻ സ്റ്റേഷൻ കടന്നു പോയിട്ടും നവീൻ ബാബുവിനെ കാണാതിരുന്നതോടെ മഞ്ജുഷ ജോയിന്‍റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി.അഖിലിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചിരുന്നു. അഖിൽ കണ്ണൂരിലെ ജോയിന്‍റ് കൗൺസിൽ ഭാരവാഹികളെ അറിയിച്ചു. മരണവിവരം അറിഞ്ഞെങ്കിലും ക്വാർട്ടേഴ്സിന്‍റെ വാതിൽ തുറന്നു കിടക്കുകയാണെന്നും ഫോൺ റിങ് ചെയ്യുന്നുണ്ടെന്നും മാത്രമാണ് ആദ്യം മഞ്ജുഷയോടു പറഞ്ഞത്. 

ഇതിനിടെ മഞ്ജുഷയുടെ ബന്ധുവായ ഓമല്ലൂരിലെ ബാലകൃഷ്ണൻ നായരെ മരണവാർത്ത കണ്ണൂരിൽ നിന്ന് വിളിച്ചറിയിച്ചു. ഇദ്ദേഹമാണു വീട്ടിലെത്തി മരണ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. 

‘തിങ്കൾ രാത്രി 11ന് ശേഷവും നവീനെ ഫോണിൽ വിളിച്ചിരുന്നെന്ന് മഞ്ജുഷ  പറഞ്ഞിരുന്നു. അഴിമതി ആരോപണമുണ്ടായതിനെപ്പറ്റി മഞ്ജുഷയോട് അദ്ദേഹം സംസാരിച്ചിരുന്നു. ധൈര്യമായിരിക്കൂ...നാളെ വീട്ടിലെത്തിയ ശേഷം നമുക്കു ബാക്കി കാര്യങ്ങൾ നോക്കാം എന്നു പറഞ്ഞ് മഞ്ജുഷ അദ്ദേഹത്തെ ആശ്വസിപ്പിച്ചു’– അഖിൽ പറയുന്നു.

Google News Logo Follow Us on Google News

ENGLISH SUMMARY:

Tearful adieu bid to ADM Naveen Babu; last rites performed by daughters