pp-divya-kannur

കണ്ണൂര്‍ എ.ഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയില്‍ പി.പി.ദിവ്യയ്ക്കെതിരെ സി.പി.എം നടപടി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കി. കെ.കെ.രത്നകുമാരി പുതിയ പ്രസിഡന്റ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

അഴിമതിക്കെതിരെ സദുദ്ദേശ്യ വിമര്‍ശനമാണ് നടത്തിയതെന്ന് പി.പി.ദിവ്യ. ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന പാര്‍ട്ടി നിലപാട് ശരിവയ്ക്കുന്നു. നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ. പൊലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും ദിവ്യ. 

കോണ്‍ഗ്രസും യുഡിഎഫും നടത്തിയ പോരാട്ടത്തിന്റെ വിജയമെന്ന് ഡിസിസി പ്രസിഡന്റ്  മാര്‍ട്ടിന്‍ ജോര്‍ജ്. രാജി ജനരോഷത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ. അഴിമതി ആരോപണം ദിവ്യ ആവര്‍ത്തിക്കുന്നത് മ്ലേച്ഛത. പശ്ചാത്താപത്തിന്റെ കണികപോലും ദിവ്യയ്ക്ക് ഇല്ലെന്ന് വ്യക്തമെന്നും മാര്‍ട്ടിന്‍ ജോര്‍ജ്.  

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ടൗണ്‍ പൊലീസ് ദിവ്യക്കെതിരെ കേസെടുത്തിരുന്നു. പ്രതിചേര്‍ക്കപ്പെട്ടതോടെ ദിവ്യ രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അസ്വാഭാവിക മരണമെന്ന നേരത്തെയെടുത്ത എഫ്ഐആറിലേക്കാണ് പി. പി ദിവ്യയെ ഇന്ന് പൊലീസ് പ്രതിചേര്‍ത്തത്. മൃതദേഹം ഏറ്റുവാങ്ങാന്‍ പത്തനംതിട്ടയില്‍ നിന്ന് നവീന്‍ ബാബുവിന്‍റെ ബന്ധുക്കളെത്തിയപ്പോള്‍ നല്‍കിയ പരാതിയിലാണ് ഒടുവില്‍ നടപടി. 

ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ ദിവ്യ കേസില്‍ പ്രതിയായത്. ഇന്ന് പത്തനംതിട്ടയിലെത്തി കണ്ണൂര്‍ പൊലീസ് ബന്ധുക്കളുടെ മൊഴി കൂടി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേസ്.  പരാതി കിട്ടിയത് മുതല്‍ അന്വേഷണം നടക്കുന്നുവെന്ന് മാത്രമായിരുന്നു പൊലീസ് മറുപടി. ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തുവന്നിരുന്നു. 

നിഷ്കളങ്കനും സത്യസന്ധനുമായ സഹപ്രവർത്തകനെ നഷ്ടപ്പെട്ടതിന്‍റെ വേദനയിലാണ് ഉദ്യോഗസ്ഥ സമൂഹം. ടീമിലുള്ള ഒരാൾ നഷ്ടപ്പെട്ടതായും പ്രതിസന്ധികൾ തരണം ചെയ്യാൻ മുന്നിൽ നിന്നയാളുമായിരുന്നു നവീൻ ബാബുവെന്ന് പത്തനംതിട്ട മുൻ കലക്ടർ ദിവ്യ എസ് അയ്യർ  പറഞ്ഞു. നഷ്ടം നാട്ടുകാർക്കാണെന്നായിരുന്നു മുൻ കലക്ടർ പിബി നൂഹിന്‍റെ പ്രതികരണം.

ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരയുന്ന സഹപ്രവർത്തകരായ ഉദ്യോഗസ്ഥർ. അത്രമേൽ നല്ല മനുഷ്യനെയാണ് നാടിന് നഷ്ടപ്പെട്ടത്. പത്തനംതിട്ട എഡിഎം  ആയി ചുമതലയോൽക്കാൻ എത്തുന്ന നവീൻ ബാബുവിനെ സ്വീകരിക്കാൻ തയ്യാറെടുത്തിരുന്ന സഹപ്രവർത്തകർക്ക് ഇങ്ങനെയൊരു യാത്രയയപ്പ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 

ജോലിക്ക് എത്തുന്ന സാറിനെ സ്വീകരിക്കാൻ ഞങ്ങൾ ബൊക്കെ വരെ വാങ്ങി വെച്ചതാണെന്ന് കലക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് സന്ധ്യ മനോരമ ന്യൂസിനോട് പറഞ്ഞു. പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യർ. സൗമ്യനായ വ്യക്തിയായിരുന്നു നവീൻ. ഏതു പാതിരാത്രിയും  ജീവനക്കാർക്കൊപ്പം നിന്ന് പ്രവർത്തിച്ചയാളായിരുന്നു . ടീമിലുള്ള ഒരാൾ നഷ്ടപ്പെട്ടതായി ദിവ്യ എസ് അയ്യർ മനോരമ ന്യൂസിനോട് പറഞ്ഞു. 

പ്രളയകാലത്തൊക്കെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച നവീൻ ബാബുവിനെ കുറിച്ച് പത്തനംതിട്ട മുൻ കലക്ടർ പി ബി നൂഹിനും പറയാൻ ഏറെയുണ്ടായിരുന്നു. ഫേസ്ബുക്കിൽ വിശദമായ കുറിപ്പിട്ട പിബി നൂഹ് സംസ്കാര ചടങ്ങിന് ശേഷം മാധ്യമങ്ങളോട് പങ്കുവെച്ചത് ഒരേയൊരു കാര്യം - നവീൻ ബാബുവിന്റെ മരണത്തിൽ നഷ്ടം നാട്ടുകാർക്കാണ്. പൊതുദർശനത്തിലും, സംസ്കാര ചടങ്ങുകളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറിലധികം ഉന്നത ഉദ്യോഗസ്ഥർ സാന്നിധ്യമായി.