അടുത്ത മണ്ഡലകാലത്തേക്കുള്ള ശബരിമല മേല്‍ശാന്തിയായി അരുണ്‍കുമാര്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. ആറുവട്ടം അഭിമുഖ പരീക്ഷയിൽ പങ്കെടുത്ത് ശബരിമല മേൽശാന്തിയുടെ അന്തിമ പട്ടികയിൽ എത്തിയെങ്കിലും അരുൺകുമാർ നമ്പൂതിരിക്ക് നിരാശയായിരുന്നു ഫലം. പക്ഷേ ഏഴാം വട്ടം അയ്യപ്പൻ തുണച്ചു. ഓരോ ഘട്ടത്തിലും കിട്ടാതെ വന്നിട്ടും നിരാശപ്പെട്ടിരിക്കാതെ വീണ്ടും അപേക്ഷിച്ചു. അച്ഛനോടൊപ്പം പൂജ ചെയ്യുന്ന കാലം മുതൽ അയ്യപ്പനെയാണ് പൂജിച്ചത്.
Read more: അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; വാസുദേവന്‍ നമ്പൂതിരി മാളികപ്പുറം
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ശബരിമലയിൽ അയ്യപ്പനെ പൂജിക്കുക എന്നുള്ളത്. ഏഴാംവട്ടം അത് സഫലമായതിന്റെ സന്തോഷത്തിലാണ് അരുൺ കുമാർ നമ്പൂതിരി. രണ്ടു വർഷം ആറ്റുകാൽ ക്ഷേത്രത്തിലെ മേൽശാന്തി ആയിരുന്നു. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലും മേൽശാന്തി ആയിട്ടുണ്ട്.
ശബരിമല, മാളികപ്പുറം മേൽശാന്തി മാരായിതിരഞ്ഞെടുക്കപ്പെട്ടവർക്ക് താഴമൺ മഠത്തിൽ 12 ദിവസത്തെ പരിശീലനമുണ്ടാകുമെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. വാസുദേവൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. ഇരുവരും നവംബർ 14ന് വൈകിട്ട് ചുമതലയേൽക്കും.
ശബരിമല ശ്രീകോവിലിന് മുമ്പിലായിരുന്നു നറുക്കെടുപ്പ്. 24 പേരുടെ പട്ടികയില്‍ നിന്നാണ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. മാളികപ്പുറത്തേക്ക് 15 പേരാണ് അന്തിമപട്ടികയില്‍ ഉണ്ടായിരുന്നത്.