Image Credit ; Facebook

കഴിഞ്ഞ ദിവസം വരെ കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ ഹാന്‍ഡിന് ചുക്കാൻ പിടിച്ചിരുന്ന സരിൻ അതിവേ​ഗത്തിൽ മറുകണ്ടം ചാടിയതോടെ, വിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെഎസ് ശബരീനാഥൻ. ഇഷ്ടമുള്ള സ്‌ഥലത്ത്‌ പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

സരിൻ, താങ്കളുമായി അടുക്കാനുള്ള പ്രധാനപ്പെട്ട കാരണം താങ്കൾ വ്യത്യസ്തനാണ് എന്നൊരു വിശ്വാസം കൊണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ, പ്രത്യേകിച്ച് ഇന്നത്തെ കോലാഹലങ്ങൾ  കണ്ടപ്പോൾ താങ്കളോട് സഹതാപം തോന്നി. രാഷ്ട്രീയം സേവനമാണ്, അത് സഹനമാണ്. താങ്കൾക്ക് അത് താമസിയാതെ ബോധ്യമാകും.- ശബരിനാഥൻ വിമർശിച്ചു. 

സരിനെതിരെ രൂക്ഷ വിമർശനവും ട്രോളുകളുമായി കോൺ​ഗ്രസ് സൈബർ ​ഗ്രൂപ്പുകളും നേതാക്കളും രം​ഗത്തുണ്ട്. വിശ്വാസ്യതയുടെ അർത്ഥം മനസിലാക്കാൻ സരിൻഡോക്ടർക്ക് രാമലിംഗം പിള്ളയുടെ ഒരു ഇംഗ്ലീഷ് -ഇംഗ്ലീഷ് - മലയാളം നിഘണ്ടു അയച്ചുകൊടുത്താലോ എന്ന് ആലോചിക്കുകയാണെന്നാണ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യന്റെ പരിഹാസം. 

ഓന്ത് നിറം മാറുമോ ഇതുപോലെ. കോൺഗ്രസ് പാർട്ടിക്ക് hierarchy ഇല്ലെന്ന് പത്രസമ്മേളനം നടത്തിപറയുന്ന ഡോ. സരിൻ ഓർക്കണം 2016ൽ മാത്രം ഈ സംഘടനയിലേക്ക് കടന്നുവന്ന താങ്കൾക്ക് പ്രവർത്തന പാരമ്പര്യമോ മറ്റ് ഘടകങ്ങളോ പരിഗണിക്കാതെ ഒറ്റപ്പാലം നിയമസഭാ സീറ്റ് നൽകിയത് ഈ hierarchy ഇല്ലായ്മകൊണ്ടാണ്. അന്ന് രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള കോൺഗ്രസ് പാർട്ടി പ്രവർത്തകർ ഇന്ന് നിങ്ങൾ കാണിക്കുന്നത് പോലെയുള്ള അസഹിഷ്ണുത കാണിച്ചില്ല. പത്രസമ്മേളനം വിളിച്ച് "ഏത് സരിൻ" എന്ന് ചോദിച്ചില്ല. പിന്നീട് നിങ്ങൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആയപ്പോഴും പിന്നീട് കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചെയർപേഴ്സൺ ആക്കിയപ്പോഴും നിങ്ങളുടെ  സമര ചരിത്രമോ, മുൻപ് വഹിച്ച ഭാരവാഹിത്വങ്ങളെ കുറിച്ചോ സർവോപരി നിങ്ങളുടെ സംഭാവനകളെ കുറിച്ചോ ഉള്ള ഓഡിറ്റിംഗ് ഞങ്ങളാരും നടത്തിയില്ല. അതൊക്കെയും ഞങ്ങളുടെ വലിയ പിഴ എന്ന് ഇപ്പോൾ മനസിലാക്കുന്നു. 

എംഎൽഎ ആകാനും മന്ത്രി ആകാനും ഭരിക്കാനുമാണ് നിങ്ങൾ ജോലി കളഞ്ഞ് വന്നത്. അപ്പോൾ അത് നടക്കില്ലെന്ന് തോന്നുമ്പോൾ നിങ്ങൾക്ക് അത് കിട്ടുമെന്ന് തോന്നുന്ന പുതിയ മേച്ചിൽപുറം നോക്കിപ്പോകാം. നവംബർ 23 ശേഷവും വടകര എംപി ഷാഫി പറമ്പിൽ ഇവിടെയുണ്ടാകും. പാലക്കാട് എംഎൽഎ ആയി രാഹുൽ മാങ്കൂട്ടത്തിലും ഉണ്ടാകും. നിയമസഭയിൽ പ്രതിപക്ഷ നേതാവായി വിഡി സതീശനും ഉണ്ടാകും ... പാക്കലാം - ആൻ സെബാസ്റ്റ്യൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

പുതിയകാലത്ത് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോള്‍ ആദ്യബലാബലം സൈബറിടങ്ങളിലാണ്.  പാലക്കാടിന്‍റെ ചൂടറിഞ്ഞുള്ള  പോരാണ് ഇപ്പോള്‍  സൈബറിടത്തില്‍ മുറുകുന്നത്. ഇന്നലെ വരെ കോണ്‍ഗ്രസുകാരനായിരുന്ന പി സരിന്‍  പാലക്കാട്ട് ഇടത് സ്ഥാനര്‍ഥിയാകുമെന്ന സൂചന വന്നതോടെ സൈബര്‍ പോരാട്ടവും തുടങ്ങി. 

കഴിഞ്ഞ ദിവസം വരെ കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ ഹാന്‍ഡ് കൈകാര്യം ചെയ്തിരുന്ന സരിന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ ഫെയ്സ്ബുക്കിലിട്ടിരുന്ന പോസ്റ്റുകള്‍ പൊക്കിയെടുത്താണ് പരിഹാസം. ഒറ്റദിവസം കൊണ്ട് അതേ പിണറായിയും ഗോവിന്ദനുമൊക്കെ സരിന് എങ്ങിനെ പ്രിയപ്പെട്ടവരായെന്നാണ് ചോദ്യം 

സരിന്‍ എത്തിയതോടെ  സൈബറിടത്തില്‍ സിപിഎം അണികള്‍ നേടിരുന്ന പ്രതിസന്ധി വലുതാണ്. സരിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സൈബര്‍ പോരാളികളിട്ടിരുന്ന സിപിഎം വിരുദ്ധ പോസ്റ്റുകളെ ചെറുത്തിരുന്നത് പോരാളി ഷാജി ഉള്‍പ്പടെയുള്ള ഇടത് സൈബര്‍ ഗ്രൂപ്പുകളായിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ ഹാന്‍ഡ് കൈകാര്യം ചെയ്തിരുന്നയാള്‍ തന്നെ സ്വന്തം പാളയത്തിലെത്തുമ്പോള്‍ അണികള്‍ക്ക് ഇനി എന്തു പറയാനാവും... അദ്ദേഹത്തിന് വേണ്ടി വോട്ട് തേടിയേ മതിയാകൂ. ഓരോ ഗതികേടുകളേ.. 

ENGLISH SUMMARY:

Sabarinadhan K S criticizing p sarin