കോണ്‍ഗ്രസ് വിട്ട സരിന്‍ ഇടത് പാളയത്തിലെത്തി സ്ഥാനാര്‍ഥിയായതോടെ, അദ്ദേഹത്തിന് പിന്തുണയുമായി എഎ റഹിം എംപി രംഗത്ത്. എന്ത് കൊണ്ട് സരിന് പിന്തുണ നൽകണം എന്ന ക്യാപ്ഷനോടെ ഫെയ്സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു എഎ റഹിം. 

സരിനുയര്‍ത്തിയ രാഷ്ട്രീയം പ്രസക്തമായത് കൊണ്ട് അദ്ദേഹത്തിന് പിന്തുണ നൽകണമെന്നാണ് റഹിമിന്‍റെ വാദം. എന്തിന് പാലക്കാട് പോലെ സെന്‍സിറ്റീവായ ഒരു മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ക്ഷണിച്ചു വരുത്തിയെന്ന് അദ്ദേഹം കോണ്‍ഗ്രസിനോട് ചോദിച്ചു.

'ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വന്നല്ലോ എന്ന മറുചോദ്യം അതിന് ഉത്തരമാകില്ല. കൊല്ലത്തും മട്ടന്നൂരും ചേലക്കരയിലും ആറ്റിങ്ങലിലും ഉപതിരഞ്ഞെടുപ്പ് വന്നാലും ബിജെപിക്ക് ഒരു പ്രതീക്ഷയും വെയ്ക്കാന്‍ കഴിയില്ല. എന്നാല്‍ ബിജെപിക്ക് പ്രതീക്ഷ വെയ്ക്കാന്‍ കഴിയുന്ന മണ്ഡലത്തില്‍ ബോധപൂര്‍വമാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ക്ഷണിച്ചുവരുത്തിയത്. ഈ രാഷ്ട്രീയവും വിയോജിപ്പുമാണ് സരിന്‍ പ്രധാനമായും ഉന്നയിക്കുന്നത്.

വടകരയിലുണ്ടായിരുന്ന സിറ്റിങ് എംപി കെ മുരളീധരന്‍ അവിടെ തോറ്റു പോകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നോ. അങ്ങനെ വടകരയ്ക്ക് ഫിറ്റാല്ലത്ത സ്ഥാനാര്‍ഥി എങ്ങനെയാണ് തൃശൂരില്‍ ഫിറ്റാവുക. എല്‍ഡിഎഫിന്‍റെ ശക്തനായിരുന്ന സ്ഥാനാര്‍ഥി പി ജയരാജനെ പരാജയപ്പെടുത്തിയായിരുന്നു വടകരയില്‍ കെ മുരളീധരന്‍ എംപിയായത്. അവിടെ ശക്തമായ മത്സരം കാഴ്ച്ച വെയ്ക്കാന്‍ മുരളീധരന്‍ പോരായിരുന്നു എന്നാണോ കോണ്‍ഗ്രസിന്‍റെ അഭിപ്രായം. പിന്നെ എന്തിന് പാലക്കാട് എംഎല്‍എ ആയിരുന്ന ആളെ തന്നെ പാര്‍ലമെന്‍റിലേ പറഞ്ഞയച്ചു? 

പാലക്കാട് ഒരു ഓപ്പണ്‍ വേക്കന്‍‍സി വേണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നു. അതിന് പിന്നില്‍ ഒരു ഡീലുണ്ട്'. അതേ സംശയമാണ് ഇന്ന് സരിന്‍ ഉന്നയിക്കുന്നതെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും റഹിം പറഞ്ഞു. ശെരി പറഞ്ഞ സരിനെ നമ്മള്‍ സ്വീകരിക്കണമെന്നും റഹിം അഭ്യര്‍ത്ഥിച്ചു.   

ENGLISH SUMMARY:

AA Rahim MP supports P Sarin Facebook post