എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍. യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ച് ചടങ്ങൊരുക്കി. അത് പി.പി.ദിവ്യക്ക് വന്ന് ആക്ഷേപം ഉന്നയിക്കാന്‍ അവസരം ഒരുക്കി. നടന്നത് വലിയ ഗൂഢാലോചനയാണെന്നും, കലക്ടര്‍ക്കും പങ്കുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഭാര്യയെ വിളിച്ചു; ‘ധൈര്യമായിരിക്കൂ..’; ആശ്വസിപ്പിച്ച് മഞ്ജുഷ
പി.പി ദിവ്യയ്ക്കെതിരെ ഇന്നലെ സിപിഎം നടപടിയുണ്ടായി. ദിവ്യയെ അധ്യക്ഷ പദവിയില്‍ നിന്ന് പാര്‍ട്ടി പുറത്താക്കി സിപിഎം. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ദിവ്യയ്ക്ക് പകരം കെ.കെ.രത്നകുമാരിയെ നിശ്ചയിച്ചു. ഇതിനു പിന്നാലെയാണ് കലക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. പാർട്ടി തള്ളി പറഞ്ഞപ്പോഴും ദിവ്യ തന്റേത് ഉദ്ദേശ്യശുദ്ധിയാണെന്ന നിലപാടിൽ ഉറച്ചു നില്‍ക്കുകയാണുണ്ടായത്.
പി.പി. ദിവ്യയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നിലവിലുണ്ടായിരിക്കുന്നത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലിസ് കേസെടുത്തതിന് പിന്നാലെയാണ് സംരക്ഷണം പാർട്ടി വേണ്ടെന്ന് വെച്ചത്. ഇതിന് പിന്നാലെ മൗനിയായിരുന്ന ദിവ്യ പ്രസ്താവന പുറത്തിറക്കി. തന്റേത് അഴിമതിക്ക് എതിരായ സദുദ്ദേശ്യ വിമർശനമായിരുന്നുവെന്ന് ന്യായീകരണം. നിരപരാധിത്വം നിയമ വഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ.
അതേസമയം, ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന പാർട്ടി നിലപാട് ദിവ്യയും അംഗീകരിക്കുന്നുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ ദുഖമുണ്ടെന്നും ദിവ്യ വ്യക്തമാക്കി. പി.പി ദിവ്യ തന്റെ പിഴവ് മനസിലാക്കിയത് കൊണ്ടാണ് രാജി വെച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി മനോരമ ന്യൂസിനോട് പറഞ്ഞു.
ALSO READ: പാര്‍ട്ടി നിലപാട് ശരിവയ്ക്കുന്നു; നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും: ദിവ്യ
അധികാര സ്ഥാനത്ത് നിന്ന് നിൽക്കക്കള്ളിയില്ലാതായതോടെയാണ് ദിവ്യയെ പാർട്ടി നീക്കിയത്. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ശക്തമായ എതിർപ്പ് ദിവ്യക്കെതിരെ ഉയർന്നിരുന്നു. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കർക്കശ നിലപാടും കടുത്ത നടപടിക്ക് പാർട്ടിയെ പ്രേരിപ്പിച്ചിട്ടുണ്ട്. അതേസമയം, സംഘടനാ തലത്തിൽ ദിവ്യയെ cpm തൊട്ടില്ല. ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗമാണ് ദിവ്യ. പാർട്ടിക്ക് തെറ്റ് ബോധ്യപ്പെട്ടതിനാൽ സംഘടനാ തലത്തിലും നടപടി ഉറപ്പായി.