എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന്റെ നടുക്കം ഇപ്പോഴും മാറിയില്ലെന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍. എന്റെ ചുറ്റും ഇരുട്ടുമാത്രമാണെന്നും നഷ്ടബോധം പറഞ്ഞറിയിക്കാനാകില്ലെന്നും നവീന്റെ കുടുംത്തിനു നല്‍കിയ കത്തില്‍ പറയുനനു. ഇപ്പോള്‍ പ്രാര്‍ഥിക്കാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. ഇന്നലെവരെ എന്റെ തോളോടുചേര്‍ന്ന് പ്രവര്‍ത്തിച്ചയാളാണ് നവീന്‍. സഹാനുഭൂതിയോടെ ജോലി ചെയ്തയാളെന്നും കലക്ടര്‍ കത്തില്‍ പറയുന്നു. പത്തനംതിട്ട സബ്കലക്ടര്‍ വഴിയാണ് ദുഃഖം പങ്കുവച്ചുള്ള കത്ത് കുടുംബത്തിന് കൈമാറിയത്. ചടങ്ങിന് ശേഷം നവീന്‍ ബാബുവിനെ ചേമ്പറില്‍ വിളിച്ച് സംസാരിച്ചിരുന്നു.
Read Also: നവീന്‍ ബാബുവിന്‍റെ കുടുംബത്തോട് മാപ്പുപറഞ്ഞ് കലക്ടര്‍; കത്ത് സബ്കലക്ടര്‍ വഴി കൈമാറി
അതേസമയം, കലക്ടര്‍ക്കെതിരെ ആരെങ്കിലും പരാതി നല്‍കിയാല്‍ പരിശോധിക്കുെമന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ഗൂഢാലോചന ആരോപണത്തിന്‍റെ വിശദാംശം അറിഞ്ഞശേഷം പ്രതികരിക്കാമെന്നും നവീന്‍ ബാബുവിന്‍റെ കുടുംബത്തെ ചേര്‍ത്തുപിടിക്കുമെന്നും റവന്യൂ മന്ത്രി തൃശൂരില്‍ പറഞ്ഞു.
എഡിഎമ്മിന്‍റെ മരണത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും അന്വേഷണം നടത്തുന്നുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി കണ്ണൂരില്‍ പറഞ്ഞു. കലക്ടര്‍ക്കെതിരായ വിമര്‍ശനവും അന്വേഷണപരിധിയിലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എഡിഎമ്മിനെതിരായ ഗൂഢാലോചനയില്‍ കലക്ടര്‍ക്ക് പങ്കെന്ന് പറയുന്നുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദഭാനു പറഞ്ഞു. അന്വേഷണം നടത്തി സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കും. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ നല്ല പങ്ക് കലക്ടര്‍ക്കും ഉണ്ടെന്നാണ് അറിവ്. പി.പി.ദിവ്യയ്ക്കെതിരെ ആവശ്യമായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഉദയഭാനു കൊച്ചിയില്‍ പറഞ്ഞു
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍ ആവശ്യപ്പെട്ടു. യാത്രയയപ്പ് വേണ്ടെന്ന് നവീന്‍ ബാബു പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ച് ചടങ്ങൊരുക്കി. അത് പി.പി.ദിവ്യക്ക് വന്ന് ആക്ഷേപം ഉന്നയിക്കാന്‍ അവസരം ഒരുക്കി. നടന്നത് വലിയ ഗൂഢാലോചനയാണെന്നും , കലക്ടര്‍ക്കും പങ്കുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു
പി പി ദിവ്യയുടെ രാജിയിൽ ഭാഗികമായ ആശ്വാസം എന്ന് ജീവൻ ഒടുക്കിയ എ ഡി എം നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പ്രതികരിച്ചു. അധികാരസ്ഥാനം ഒഴിയുന്നതോടെ അല്‍പം സ്വാധീനം കുറയും എന്ന് പ്രതീക്ഷിക്കുന്നു. കേസിലെ പരാതിക്കാരൻ ആയതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനില്ലന്നും പ്രവീണ്‍ ബാബു പറഞ്ഞു