എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ വകുപ്പുതല അന്വേഷണം. കലക്ടര്‍ക്ക് അന്വേഷണച്ചുമതലയില്ല. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ.ഗീത അന്വേഷിക്കും. ഫയല്‍ നീക്കവും പി.പി.ദിവ്യയുടെ ഇടപെടലും അന്വേഷിക്കും. കണ്ണൂര്‍ കലക്ടറുടെ ഇടപെടലുകളും അന്വേഷണ പരിധിയില്‍. 

അന്വേഷിക്കുക ആറ് കാര്യങ്ങള്‍: 

  1. എഡിഎമ്മിന്റെ മരണത്തിനിടയാക്കിയ സംഭവങ്ങള്‍
  2. പി.പി.ദിവ്യ എഡിഎമ്മിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍
  3. ആരോപണങ്ങള്‍ തെളിയിക്കാന്‍ ദിവ്യയുടെ പക്കല്‍ തെളിവുകളുണ്ടോ?
  4. പെട്രോള്‍ പമ്പ് എന്‍ഒസി വൈകിയോ, വൈകിയെങ്കില്‍ കാരണങ്ങള്‍
  5. എന്‍ഒസി നല്‍കുന്നതില്‍ ക്രമക്കേടുണ്ടായോ 
  6. അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് പരിഗണിക്കാവുന്ന മറ്റ് കാര്യങ്ങള്‍

അതേസമയം കണ്ണൂർ കലക്ടർ അരുണ്‍ കെ.വിജയന്‍ അവധിയപേക്ഷ നല്‍കിയതായി സൂചന. എഡിഎമ്മിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് കാരണം. അരുൺ കെ.വിജയനെ സ്ഥാനത്തുനിന്നും നീക്കിയേക്കുമെന്നും സൂചന.  മരണത്തിൽ കലക്ടറുടെ പങ്കും അന്വേഷിക്കണമെന്നാവശ്യം പല കോണുകളിൽ നിന്നും ഉയർന്നതിനെ തുടർന്നാണ് വിപുലമായ വകുപ്പുതല അന്വേഷണം വരുന്നത്. Also Read: പ്രശാന്തന്റെ 2 ഒപ്പുകള്‍ തമ്മില്‍ വ്യത്യാസം; നവീനെതിരായ പരാതി വ്യാജമെന്ന് സൂചന

നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കില്ല. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കും.  ജാമ്യ ഹർജിയിൽ  എഡിഎം നവീൻ ബാബുവിന്റെ കുടുംബം കക്ഷിചേരും. ദിവ്യ മുൻകൂർ ജാമ്യം നേടുന്നത് തടയാനായ എല്ലാം നടപടികളും സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

കേസിൽ ജില്ലാ കലക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. നവീൻ ബാബുവിന്റെ ഡ്രൈവർ അടക്കമുള്ള ജീവനക്കാരുടെ മൊഴിയും പൂർത്തിയാക്കാൻ ഉണ്ട്. ഓഫിസിലെ മറ്റു ജീവനക്കാരുടെയും കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തന്റെയും മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

Departmental enquiry into ADM Naveen Babu's death