എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി.ദിവ്യക്കെതിരെ ഉടന്‍ പാര്‍ട്ടി നടപടിയില്ല. അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് പിന്നീട് തീരുമാനമെടുക്കും. ദിവ്യയുടെ വീഴ്ച ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്നനിലയിലാണെന്നും പദവിയില്‍നിന്ന് നീക്കിയത് ശിക്ഷയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
പി.പി.ദിവ്യയെ ഇപ്പോള്‍ അവിശ്വസിക്കേണ്ടതില്ലെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വവും നിലപാടെടുത്തു. നവീന്‍ ബാബു അഴിമതി നടത്തിയിട്ടുണ്ടോ എന്ന് ഡി.വൈ.എഫ്.ഐക്ക് അറിയില്ല. അതേസമയം മുഖ്യമന്ത്രിക്ക് പ്രശാന്തന്‍ അയച്ചെന്ന് പറയപ്പെടുന്ന പരാതി വ്യാജമെങ്കില്‍ പൊലീസ് കേസെടുക്കട്ടെയെന്നും സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പറഞ്ഞു. അതേസമയം, പി.പി.ദിവ്യയെ പിന്തുണച്ച ഡിവൈഎഫ്ഐയെ തള്ളി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയാഭാനു രംഗത്തെത്തി. ഏതുസംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാനാവില്ല. പാര്‍ട്ടി പൂര്‍ണമായും നവീന്‍ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു.
Read Also: ദിവ്യ രഹസ്യകേന്ദ്രത്തിലേക്ക് മാറി; ഏക പ്രതിയായിട്ടും പിടിക്കാന്‍ താല്‍പര്യമില്ലാതെ പൊലീസ്
പി.പി.ദിവ്യയെ ഒരാളും ന്യായീകരിക്കില്ലെന്ന് തോമസ് ഐസക് പറഞ്ഞു. സിപിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണ്. പി.പി.ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡി.വൈ.എഫ്.ഐ നിലപാടിനെപ്പറ്റി അറിയില്ലെന്നും നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം തോമസ് ഐസക് പറഞ്ഞു
ആ പരാതി വ്യാജം ?
എഡിഎമ്മിനെതിരെ പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി വ്യാജമാണെന്ന സംശയം ബലപ്പെട്ടു. പരാതിയിലേയും പെട്രോള്‍ പമ്പിനായി ഉണ്ടാക്കിയ പാട്ടക്കരാറിലേയും പ്രശാന്തന്റ പേരും ഒപ്പും തമ്മില്‍ വ്യത്യാസമുണ്ട്. പാട്ടക്കരാറിന്റ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു .
ഒക്ടോബര്‍ പത്തിന് മുഖ്യമന്ത്രിക്ക് നല്‍കിയയെന്ന് പറഞ്ഞ് പ്രശാന്തന്‍ പുറത്തുവിട്ട പരാതിയുടെ പകര്‍പ്പ് പുറത്തു വന്നു. ഇതില്‍ പരാതിക്കാരന്റ പേര് പ്രശാന്തന്‍ ടി വി. ഇനി പെട്രോള്‍ പമ്പിന് ഭൂമി ഏറ്റെടുക്കുന്നതിനായി തയാറാക്കിയ പാട്ടക്കരാറിലെ പേര് നോക്കുക. ഇതില്‍ പേര്, വെറും പ്രശാന്ത്.രണ്ടിടത്തേയും ഒപ്പ് തമ്മിലും വലിയ അന്തരമുണ്ട്. പ്രശാന്തന്‍ നല്‍കിയെന്ന് പറയുന്ന പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് നേരത്തെ തന്നെ സ്ഥീരീകരിച്ചിരുന്നു. ഇതുകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ എഡിഎമ്മിനെ കൈക്കൂലിക്കാരനായി ചിത്രീകരിക്കാന്‍ പ്രശാന്തന്‍ വ്യാജമായി തയാറാക്കിയതാണ് പരാതിയെന്ന് സംശയിക്കേണ്ടിവരും. പെട്രോള്‍ പമ്പിനായി ഭൂമി വിട്ടുകൊടുക്കുന്ന പള്ളിയുടെ വികാരിയോട് എ ഡി എമ്മിനെക്കുറിച്ച് പ്രശാന്തന്‍ പറഞ്ഞ കാര്യങ്ങള്‍ ഈ സംശയം കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്.
ഇതിനിടെ എഡിഎമ്മിന് പണം കൈമാറിയെന്ന് പ്രശാന്തന്‍ പറയുന്ന ആറാം തീയതി ഇരുവരും കണ്ടുമുട്ടുന്നതും പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സിന്റ ഭാഗത്തേക്ക് ഒന്നിച്ച് നടന്നുപോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 12.10നാണ് ഇരുവരും കണ്ടുമുട്ടുന്നത്.12.40 ന് ലഭിച്ച രണ്ടാമത്തെ ദൃശ്യത്തില്‍ ഇരുവരും ഒന്നിച്ച് നടന്നുപോകുന്നതായുണ്ട്. പൊലീസ് ശേഖരിച്ച ഈ ദൃശ്യങ്ങള്‍ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ പരിഗണിക്കാനിരിക്കെ പുറത്തുവിന്നത് ദിവ്യയെ സഹായിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്.