kannur-collector-statement

എഡിഎം നവീന്‍ബാബുവിന്‍റെ ആത്മഹത്യയ്ക്കിടയായ സംഭവത്തിൽ സിപിഎം നേതാവ് പി.പി. ദിവ്യയെ തള്ളി കലക്ടർ അരുൺ കെ. വിജയന്റെ മൊഴി. ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ ഗീതക്ക് മൊഴി നൽകി. കലക്ടര്‍ ക്ഷണിച്ചത് അനുസരിച്ചാണ് യോഗത്തിലേക്ക് പോയത് എന്നാണ് ദിവ്യ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിൽ വാദിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായാണ് ദിവ്യ യോഗത്തിലേക്ക് കടന്നുവന്നത്. പ്രോട്ടോക്കോൾ പരിഗണിച്ചാണ് കടന്നുവന്നതിനേയും പ്രസംഗിക്കുന്നതിനേയും എതിർക്കാതിരുന്നത്. എ ഡി എമ്മിനെതിരെ സംസാരിക്കുക എന്ന പ്രത്യേക താൽപര്യത്തോട് കൂടിയാണ് ദിവ്യ വന്നത് എന്ന് അറിയില്ലായിരുന്നു. യോഗത്തിനുശേഷം നവീൻ ബാബുവിനോട് സംസാരിക്കുകയും ചെയ്തിരുന്നു എന്നുമാണ് കലക്ടറുടെ മൊഴി. 

യോഗം നടന്ന അന്ന് രാവിലെ മറ്റൊരു പരിപാടിയിൽ ദിവ്യക്കൊപ്പം പങ്കെടുത്തെങ്കിലും ഉച്ചയ്ക്ക് ശേഷമുള്ള യാത്രയയപ്പ് യോഗത്തെക്കുറിച്ച് സംസാരിച്ചില്ല എന്നും അരുൺ കെ. വിജയൻ വിശദീകരിക്കുന്നുണ്ട്. മറ്റ് ജീവനക്കാരുടെ മൊഴിയും വിലയിരുത്തിയ ശേഷമാവും കലക്ടർ പറഞ്ഞത് ശരിയാണോ എന്ന് അന്തിമ നിഗമനത്തിൽ എത്തുക. 

ചൊവ്വാഴ്ചയോടുകൂടി പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർ റവന്യൂ മന്ത്രിക്ക് സമർപ്പിച്ചേക്കും. റിപ്പോർട്ട് ലഭിച്ചശേഷം മാത്രമാകും കളക്ടറെ മാറ്റണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും.

Google News Logo Follow Us on Google News

ENGLISH SUMMARY:

Did not invite PP Divya to Naveen Babu's farewell meeting, says Kannur Collector Arun K Vijayan.