കേരളത്തിന്റെ സമര സഖാവ് വി.എസ്. അച്യുതാനന്ദന് 101ം പിറന്നാൾ മധുരം. ആശംസകളുമായി തിരുവനന്തപുരത്തെ വീട്ടിലേക്ക് നേതാക്കളുടെ പ്രവാഹം. ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയും വീട്ടിൽ എത്തി ആശംസകൾ അറിയിച്ചു. ജന്മനാടായ ആലപ്പുഴ പുന്നപ്രയിലും നേതാക്കളും പ്രവർത്തകരും ചേർന്ന് പിറന്നാൾ ആഘോഷിച്ചു.
വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ 101ൻ്റെ നിറവിൽ. തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന വിഎസിന് പിറന്നാൾ ആശംസകളുമായി രാഷ്ട്രീയ ഭേദമന്യേ നേതാക്കളുടെ വലിയ നിര തന്നെയെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, പോളിറ്റ്ബ്യൂറോ അംഗങ്ങളായ, എസ് രാമചന്ദ്രൻ പിള്ള, എം.എ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ വി ശിവൻകുട്ടി കെഎൻ ബാലഗോപാൽ, ജി ആർ അനിൽ തുടങ്ങിയ പ്രമുഖർ വീട്ടിൽ എത്തി ആശംസകൾ അറിയിച്ചു.
ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയും വീട്ടിൽ എത്തി ആശംസകൾ അറിയിച്ചു. വിഎസ് ചരിത്രപുരുഷൻ എന്ന് ശ്രീധരൻ പിളള
ശാന്തിഗിരി മഠം ഓർഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വിയും ആശംസകൾ അറിയിക്കാനെത്തി.
ആലപ്പുഴ പറവൂരിലെ വേലിക്കകത്ത് വീട്ടിൽ CPM അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ കേക്ക് മുറിച്ചു. എം എൽ എമാരായ എച്ച് സലാം , പി.പി. ചിത്തരഞ്ജൻ അടക്കമുള്ളവർ പങ്കെടുത്തു.