സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചനം വൈകാന്‍ സാധ്യത. റിയാദ് ക്രിമിനൽ കോടതി ഇന്ന് കേസ് പരിഗണിച്ചെങ്കിലും മറ്റൊരു ബഞ്ച് വിധി പുറപ്പെടുവിയ്ക്കും എന്ന് അറിയിക്കുകയായിരുന്നു. പുതിയ് ബഞ്ച് ഏതാണെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കും.
സൗദി ബാലന്‍ മരിച്ച കേസിൽ ദിയാ ധനം സ്വീകരിച്ച് കുടുംബം മാപ്പ് നല്‍കിയതോടെയാണ് കഴിഞ്ഞ ജൂലൈ 2ന് അബ്ദുറഹിമിന്റെ വധശിക്ഷ റദ്ദാക്കിയത് . 18 വര്‍ഷമായി തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വധ ശിക്ഷ റദ്ദ് ചെയ്ത അതെ ബഞ്ചാണ് മോചന ഉത്തരവ് പുറപ്പെടുവിക്കേണ്ടതെന്ന് അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് അക്കാര്യം അറിയിക്കുമെന്നും കോടതി വ്യക്തമാക്കി. പുതിയ ബഞ്ച് കേസ് പരിഗണിക്കുന്ന തീയതി പിന്നീട് അറിയിക്കും. പബ്‌ളിക് പ്രോസിക്യൂഷന്റെ വാദങ്ങളാണ് മോചനത്തിന് പരിഗണിക്കുക. ഇതുസംബന്ധിച്ച് സത്യവാങ്ങ് മൂലം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് മോചനം സംബന്ധിച്ച വിശദാംശങ്ങള്‍ കോടതി പരിശോധിച്ചു. റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, എംബസി പ്രതിനിധി യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബം ചുമതലപ്പെടുത്തിയ പവ്വര്‍ ഓഫ് അറ്റോര്‍ണി സിദ്ധിഖ് തുവ്വൂര്‍ എന്നിവര്‍ കോടതിയിലെത്തിയിരുന്നു.