Image Credit; Facebook

Image Credit; Facebook

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ബി ആർ അംബേദ്‌കറിന്റെ 'ജാതി ഉന്മൂലനം' സമർപ്പിച്ച വിദ്യാർഥികളുടെ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച്, പരിഹാസവുമായി ഇടത് സൈബര്‍ ഗ്രൂപ്പായ പോരാളി ഷാജി.

'അപ്പോൾ അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കാൻ ആഗ്രഹിക്കുന്ന സുരേഷ് ഗോപിയ്ക്ക് ഈ ജന്മത്തിൽ തന്നെ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ജാതി ഉന്മൂലനം കൊടുത്തിട്ടുണ്ട്. കൈപ്പറ്റിയതിന്റെ വൈക്ലബ്യ ഭാവം തമ്പ്രാന്റെ മുഖത്ത് കാണാവുന്നതാണ്'. – പോരാളി ഷാജി ചിത്രത്തിന് ക്യാപ്ഷനായി ഫെയ്സ്ബുക്കില്‍ കുറിച്ചു.

നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ്‌ഗോപി സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനാണ്. സ്ഥാപനത്തിന്റെ ചെയർമാനായി നിയമിതനായ ശേഷം, ഒരുവർഷത്തിലധികം കഴിഞ്ഞാണ് സുരേഷ് ഗോപി ആദ്യമായി ക്യാംപസിലേക്ക് വരുന്നത്.

സ്ഥാപനത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തിലാണ് വിദ്യാർഥി യൂണിയൻ പ്രതിനിധികൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ജാതിഉന്മൂലനത്തിന്റെ കോപ്പി നൽകുകയും ചെയ്തത്. തങ്ങളുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ബി ആർ അംബേദ്‌കറിന്റെ 'ജാതി ഉന്മൂലനം' സമർപ്പിച്ചതെന്ന് വിദ്യാർഥി യൂണിയൻ പ്രസിഡന്റ് സുബ പറ​ഞ്ഞു.

അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം, അവിശ്വാസികളുടെ സർവനാശത്തിനുവേണ്ടി പ്രാർഥിക്കും എന്നിങ്ങനെ വിവാദപരമായ പ്രസ്താവനകള്‍ പല സന്ദര്‍ഭങ്ങളിലും സുരേഷ് ഗോപി നടത്തിയിട്ടുണ്ട്. സുരേഷ് ഗോപി സ്ഥാപനത്തിന്റെ ചെയർമാനായി നിയമിതനാകുന്നത് 2023 പകുതിയോടെയാണ്. അതിനുശേഷമാണ് അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരില്‍ നിന്ന് മത്സരിക്കുകയും എംപി ആവുകയും ചെയ്തത്. പിന്നീട് കേന്ദ്ര സഹമന്ത്രിയുമായി.

ENGLISH SUMMARY:

Students gifted a copy of annihilation of caste to suresh gopi porali shaji shared the picture