കുറ്റകൃത്യം നടന്ന് പാതിവര്‍ഷം പിന്നിട്ടിട്ടും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാതെ പൊലീസ്. ആര്യക്കും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കുമെതിരെ കുറ്റപത്രം നല്‍കേണ്ടിവരുമെന്നതിനാല്‍ ഡ്രൈവര്‍ യദുവിനെതിരായ കുറ്റപത്രവും പൂഴ്ത്തി. നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് അടിച്ചുമാറ്റിയത് ആരാണെന്ന അന്വേഷണവും നിലച്ചു. യദുവിന് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സിയും തയാറായില്ല.
തിരുവനന്തപുരത്തെ പൊലീസ് ഏമാന്‍മാര്‍ക്ക് വേണ്ടിയാണ് ഈ ദൃശ്യം വീണ്ടും പൊടിതട്ടിയെടുക്കുന്നത്. ഇത് സംഭവിച്ചിട്ട് ഇന്ന് 178–ാം ദിവസമാണ്. കൊലക്കുറ്റം പോലും 90 ദിവസംകൊണ്ട് അന്വേഷിച്ച് തെളിയിക്കുന്ന മിടുക്കന്‍മാരാണ് കേരള പൊലീസ്. പക്ഷേ ഈ നിസാര തര്‍ക്കക്കേസ് അന്വേഷിച്ചിട്ടും അവര്‍ക്ക് എത്തുംപിടിയും കിട്ടുന്നില്ല.
മൂന്ന് കേസാണ് എടുത്തിട്ടുള്ളത്. ഒന്ന് മേയറെ അശ്ളീല ആംഗ്യം കാണിച്ചതിന് ഡ്രൈവര്‍ യദുവിനെതിരെ. അടുത്തത് ബസ് തടഞ്ഞതിന് മേയര്‍ക്കും ഭര്‍ത്താവായ സച്ചിന്‍ദേവ് എം.എല്‍.എയ്ക്കുമെതിരെ. അടുത്തത് ഈ രണ്ട് കേസിലെയും നിര്‍ണായക തെളിവായ കെ.എസ്.ആര്‍.ടി.സി ബസിലെ മെമ്മറി കാര്‍ഡ് കാണാതായതില്‍.
യദു അശ്ളീല ആംഗ്യം കാണിച്ചെന്ന് പൊലീസ് ഏതാണ്ട് ഉറപ്പിക്കുകയും കുറ്റപത്രം നല്‍കാന്‍ തീരുമാനിച്ചതുമാണ്. അപ്പോളാണ് അങ്ങനെ ചെയ്താല്‍ ബസ് തടഞ്ഞതിന് മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെയും കുറ്റപത്രം നല്‍കേണ്ടിവരുമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചത്. തദേശതിരഞ്ഞെടുപ്പൊക്കെ അടുത്തുവരുന്നതിനിടെ മേയര്‍ക്കെതിരെ കുറ്റപത്രമായാല്‍ നാണക്കേടാകുമെന്നറിഞ്ഞുള്ള രാഷ്ട്രീയസമ്മര്‍ദം വന്നതോടെ തല്‍ക്കാലം രണ്ട് കുറ്റപത്രവും നൈസായിട്ടങ്ങ് മുക്കി. ഫൊറന്‍സിക് ഫലങ്ങളൊക്കെ ലഭിക്കാനുള്ളതിനാല്‍ അന്വേഷണം തീര്‍ന്നിട്ടില്ലെന്ന ക്യാപ്സൂളും പൊലീസ് രംഗത്തിറക്കി. തല്‍കാലം യദു എന്ന എം.പാനല്‍ ഡ്രൈവര്‍ ജോലിയില്ലാതെ പുറത്ത് നിക്കണമെന്ന് മാത്രം.