സ്ഥാനാർത്ഥിയായുള്ള കന്നിവരവിലും ചൂരൽമല ദുരിതബാധിതരെ ചേർത്തുപിടിച്ച് പ്രിയങ്ക ഗാന്ധി. സഹോദരനും മുൻ വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കൊപ്പം എത്തിയാണ് പുത്തുമലയിലെ കൂട്ട സംസ്കാരം നടന്ന സ്ഥലത്തെത്തി ആദരാഞ്ജലികൾ അർപ്പിച്ചത്.
ചൂരൽമല ദുരിതബാധിതരുടെ കരളുറപ്പ് പ്രചോദനം നൽകുന്നതാണെന്ന് എടുത്തുപറഞ്ഞ പ്രിയങ്ക ഗാന്ധി, നാമനിർദേശപത്രിക സമർപ്പണത്തിന് തൊട്ടു പിന്നാലെ പുത്തുമലയിലേക്ക് തിരിച്ചു. ഒപ്പം സഹോദരനും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയും.
ചൂരൽമല ദുരന്തത്തിൽ അകപ്പെട്ടവരെ കൂട്ടമായി സംസ്കരിച്ച പുത്തുമലയിൽ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. സംസ്കരിച്ചവരുടെ എണ്ണവും ഇനിയെത്ര പേരെ കിട്ടാനുണ്ട് എന്നതടക്കമുള്ള വിവരങ്ങളും ടി സിദ്ദിഖ് എംഎൽഎയിൽ നിന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചറിഞ്ഞു. ശേഷം മലയിറക്കം.