ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ അമൂല്യ വസ്തുക്കൾ കാണാതാകുന്നതും തിരികെ എത്തുന്നതും പതിവ്. മരതകവും സ്വർണ്ണവും ഉൾപ്പടെയുള്ളവ കാണാതായി. അമൂല്യ ശേഖരത്തില്‍ പെട്ട 'പൂവട്ടക' കാണാതായിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഭൂരിഭാഗം വസ്തുക്കളും തിരികെ കിട്ടിയെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയാണ് പതിവ്. ഇത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മനോരമ ന്യൂസിന്.
കോടികൾ വിലമതിക്കുന്നതാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കൾ. എന്നാല്‍ അവ ഇടയ്ക്കിടെ അപ്രത്യക്ഷമാകും. 2022 ഫെബ്രുവരി 05ന് ക്ഷേത്രത്തിനുള്ളിലെ ഹനുമാൻ സ്വാമിയുടെ വെള്ളിമാല കാണാതാകുന്നു. രണ്ടാം ദിവസം, പുറത്ത് മാലിന്യത്തിൽ നിന്ന് മാല തിരികെ ലഭിക്കുന്നു. സാക്ഷ്യപ്പെടുത്തുന്നത് മതിലകം ഗാർഡ് കമാൻഡറുടെ റിപ്പോര്‍ട്ട്. 2019 ഓഗസ്റ്റിൽ കാണാതായത് അമൂല്യ ലോഹം കെട്ടിയ ശംഖ്, അഞ്ചുവർഷങ്ങമെടുത്തു തിരികെ കിട്ടാന്‍.
കാണാതായവയുടെ പട്ടികയില്‍ അടുത്തതായി ഉള്ളത് പൂവട്ടക. വർഷത്തിലൊരിക്കൽ നിലവറയിൽ നിന്ന് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ പുറത്തെടുത്തിരുന്ന ഇവ ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. സമാന സംഭവങ്ങള്‍ മുന്‍പും നടന്നതില്‍ പരാതി ഉയരാത്തത് സംശയകരമാണെന്ന് മുന്‍ പിആര്‍ഒ പറയുന്നു.
മോഷണമല്ലെന്ന് പറഞ്ഞ് പൊലീസ് ഒതുക്കിയ തളിപ്പാത്ര സംഭവത്തിലും ദുരൂഹത വർധിക്കുകയാണ്. ക്ഷേത്ര ജീവനക്കാര്‍ക്ക് പരിചിതമായ തളിപ്പാത്രം എങ്ങനെ ഓസ്ട്രേലിയന്‍ പൗരന് മടക്കി നല്‍കാനായി എന്നതും ദുരൂഹതയാണ്. പൂജാ സാധനങ്ങള്‍ താഴെ വീണപ്പോള്‍ അടുത്ത് ഇരുന്ന പാത്രത്തില്‍ വച്ച് എടുത്തു നല്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ എപ്പോഴും വെള്ളം കരുതി വെക്കാറുള്ള തളിപ്പാത്രത്തില്‍ എങ്ങനെ പൂജാ സാധനങ്ങള്‍ എടുത്തു നല്കാനായി എന്ന ചോദ്യം ബാക്കിയാണ്.