• മലപ്പുറം ജില്ലയിലാണ് കൂടുതല്‍ സ്വര്‍ണം പിടികൂടുന്നതെന്ന് പിണറായി
  • ‘കരിപ്പൂര്‍ വഴി കൂടുതല്‍ സ്വര്‍ണവും ഹവാല പണവും വരുന്നു എന്നാണ് കണക്ക്’
  • കുറ്റകൃത്യത്തെ സമുദായത്തിന്റെ പെടലിക്ക് വയ്ക്കരുതെന്ന് മുഖ്യമന്ത്രി

വിവാദമായ മലപ്പുറം പരാമര്‍ശത്തില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത്. കരിപ്പൂര്‍ വിമാനത്താവളമാണ് അതിന് കാരണം . ഇത് പറഞ്ഞാല്‍ എങ്ങനെ മലപ്പുറത്തെ വിമര്‍ശിക്കലാകും. കുറ്റകൃത്യത്തെ സമുദായത്തിന്റെ പെടലിക്ക് വയ്ക്കരുത്. മലപ്പുറത്തെ കൊച്ചുപാക്കിസ്ഥാനെന്ന് വിളിച്ചത് സംഘ്പരിവാറാണ്. കോണ്‍ഗ്രസും അവര്‍ക്കൊപ്പം കൂടിയെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ചേലക്കരയിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യോഗത്തിലായിരുന്നു വിമര്‍ശനം.

കോണ്‍ഗ്രസിനും ലീഗിനും വര്‍ഗീയതയ്ക്കെതിരായ നിലപാടില്ലെന്ന് ചേലക്കരയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മുഖ്യമന്ത്രി. ഒരു നേതാവ് ആര്‍.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം കൊടുക്കുന്നു. മറ്റൊരാള്‍ ആര്‍.എസ്.എസ് ആചാര്യന്റെ ചിത്രത്തിന് മുന്നില്‍ വണങ്ങുന്നു. ലീഗ് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമായി സമരസപ്പെടുന്നുവെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നാടിന് വേണ്ടത് ചെയ്യും, എതിര്‍പ്പ് പ്രശ്നമല്ലെന്നും മുഖ്യമന്ത്രി. എല്‍.ഡി.എഫ് ഇല്ലായിരുന്നുവെങ്കില്‍ ദേശീയപാതാ വികസനം നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തില്‍ കേന്ദ്രം അര്‍ഹിച്ച സഹായം നല്‍കിയില്ലെന്നും കേരളം മുന്നോട്ടുപോകരുത് എന്നാണ് കേന്ദ്രസര്‍ക്കാര്‍ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Chief Minister Pinarayi Vijayan justified the controversial Malappuram remark