'ത'യും 'ര' യും കൂട്ടിച്ചേര്‍ത്ത് തിരുവനന്തപുരം സൗത്ത് സ്റ്റേഷന്റെ പേര് പുതുക്കി. നേമത്തിന്റെ പേര് തിരുവനന്തപുരം സൗത്ത് എന്ന് ഹിന്ദിയില്‍ എഴുതിയപ്പോള്‍ തെറ്റിപ്പോയതാണ് തിരുത്തിയെഴുതിയത്.
സ്റ്റേഷന്റെ പേര് മാറ്റി തിരുവനന്തപുരം സൗത്തെന്നാക്കി... ദിവസങ്ങളെടുത്ത് പുതിയ പേര് എഴുതി വന്നപ്പോള്‍ പക്ഷേ പിഴച്ചു. തിരുവനന്തപുരം 'നിരുവനന്തപും' ആയി മാറി. തായ്ക്ക് പകരം ന വന്നു, ര യാണെങ്കില്‍ വിട്ടും പോയി. ബോര്‍ഡ് കണ്ടവര്‍ കണ്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. തുടര്‍ന്നാണ് തെറ്റ് തിരുത്തിയത്. തയും രയുമൊക്കെ വേണ്ട അനുപാതത്തില്‍ ചേര്‍ത്ത് തിരുവനന്തപുരം സൗത്തെന്ന് മാറ്റിയെഴുതിയിയാണ് അധികൃതര്‍ തടി തപ്പിയത്.
രാജഭാഷ അധികാരി എന്ന പേരില്‍ ഹിന്ദി പ്രോത്സാഹിപ്പിക്കാന്‍ റയില്‍വേയില്‍ പ്രത്യേക ഉദ്യോഗസ്ഥര്‍ വരെയുളളപ്പോഴാണ് സ്ഥലപേരു പോലും തെറ്റിയത്. സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് പേര് ശരിയാക്കിയത്. നേമം തിരുവനന്തപുരം സൗത്തെന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്തെന്നും പുതിയ പേരുകളാണിപ്പോള്‍ റയില്‍വേ ഭൂപടത്തില്‍ അറിയപ്പെടുന്നത്. എല്ലാം ശരിയാക്കിയതോടെ കൂടുതല്‍ യാത്രക്കാരെത്തുമെന്ന പ്രതീക്ഷയിലാണ് റയില്‍വേ.