naveen-babuN

കേസെടുത്ത് പതിനൊന്ന് ദിവസം കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചു. കണ്ണൂര്‍ കമ്മീഷണര്‍ അജിത്കുമാര്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ കണ്ണൂര്‍ എ.സി.പി രത്നകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജിത് കൊടേരി, സനല്‍കുമാര്‍, എസ്.ഐമാരായ സവ്യാസച്ചി, രേഷ്മ, എ.എസ്.ഐ ശ്രീജിത്ത് എന്നിവരടക്കം ആറ് പേരാണുള്ളത്. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി മേല്‍നോട്ടം വഹിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സംഘത്തിനുള്ള നിര്‍ദേശം. എന്നാല്‍ കേസിലെ ഏക പ്രതിയായ പി.പി.ദിവ്യയുടെ മുന്‍കൂര്‍ജാമ്യത്തെ എതിര്‍ത്തുകൊണ്ടുള്ള വാദമെല്ലാം കോടതിയില്‍ കഴിഞ്ഞശേഷമാണ് പ്രത്യേകസംഘം രൂപീകരിക്കുന്നത്. അതിനാല്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജിയിലെ വിധിയനുസരിച്ചായിരിക്കും അന്വേഷണസംഘത്തിന്റെ തുടര്‍നീക്കം.

 

അതേസമയം, നവീന്‍ ബാബുവിന്‍റെ മരണത്തിന് ഉത്തരവാദിയായ പി.പി ദിവ്യയ്ക്കെതിരെ പാര്‍ട്ടി നടപടി വൈകാതെയുണ്ടാകും. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായ ദിവ്യയെ തരംതാഴ്ത്താനാണ് സാധ്യത കൂടുതല്‍. സമ്മേളന കാലയളവില്‍ സാധാരണ നടപടിയെടുക്കാത്ത സിപിഎം പ്രത്യേക സാഹചര്യം പരിഗണിച്ചാണ് നടപടിയിലേക്ക് കടക്കുന്നത്

ബ്രാഞ്ച് സമ്മേളനങ്ങള്‍ കഴഞ്ഞതേയൊള്ളൂ. ലോക്കല്‍, ഏരിയ, ജില്ലാ, സംസ്ഥാന സമ്മേളനങ്ങള്‍ ഇനിയും നടക്കാനുണ്ട്. ഇത് പൂര്‍ത്തിയായിട്ട് മതി ദിവ്യക്കെതിരായ നടപടി എന്ന് പാര്‍ട്ടി ഇപ്പോള്‍ ചിന്തിക്കുന്നില്ല. നടപടി വൈകിപ്പിച്ചാല്‍ ദിവ്യക്ക് നല്‍കുന്ന സംരക്ഷണമെന്ന് വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാക്കുമെന്നാണ് പാര്‍ട്ടി ഭയക്കുന്നത്. പൊലീസ് നല്‍കുന്ന പ്രത്യേക സംരക്ഷണം ഇപ്പോള്‍ തന്നെ ചീത്തപ്പേരായി മുന്നിലുണ്ട്. 

മാത്രമല്ല, നവീന്‍ ബാബുവിനൊപ്പമെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നേതാക്കളും പറയുമ്പോള്‍ നടപടി വൈകിപ്പിക്കുന്നത് ക്ഷീണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. 

നവീന്‍ ബാബുവിനൊപ്പമെന്ന നിലപാടിലെ ആത്മാര്‍ഥതയും ചോദ്യം ചെയ്യപ്പെടും.  കുടുംബത്തിന് പിന്നിലുള്ളത് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണെന്നതും നടപടിക്ക് വേഗം കൂട്ടും. ബെനാമി ഇടപാടുള്‍പ്പെടെ നവീന്‍റെ കുടുംബം കോടതിയില്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലം കൂടി സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ശരിയായ നിലപാട് സ്വീകരിക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കുന്നതില്‍ നടപടി ഉറപ്പെന്ന വ്യക്തമായ സൂചനയുണ്ട്. ദിവ്യയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതും പൊതുജനം ദിവ്യക്കെതിരാണെന്ന തിരിച്ചറിവിലാണ്. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Special team to investigate the death of Kannur ADM