കൊച്ചി നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ലോഫ്ലോർ ബസ് കത്തിനശിച്ച് അപകടം. മുന്നറിയിപ്പ് സന്ദേശം ലഭിച്ചതിന് പിന്നാലെ ബസ് ജീവനക്കാർ യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്സ് സംഘം എത്തി തീയണച്ചു. ബസിലുണ്ടായിരുന്ന ഇരുപത് യാത്രക്കാരും ജീവനക്കാരും ഒരു പോറൽപോലുമില്ലാതെ രക്ഷപ്പെട്ടു. ജീവനക്കാരുടെ ഇടപെടലാണ് നിർണായകമായത്. തൊടുപുഴയില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് കത്തി നശിച്ചത്.
ഉച്ചക്ക് മൂന്നിന് തൊടുപുഴയിലേക്ക് സർവീസ് നടത്തുന്ന ബസ്സ് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയായിരുന്നു അപകടം. ഇയ്യാട്ട് ജാക്ഷനിൽ എത്തിയതോടെ പുറകിൽ നിന്ന് പുക ഉയർന്നു. ബസിനുള്ളിലെ സ്ക്രീനിൽ അപായ ചിഹ്നം വന്നതോടെ ഡ്രൈവർ വിജീഷ് നടുറോഡിൽ ബസ്സ് നിർത്തി. സംഭവിച്ചതെന്തെന്ന് നോക്കും മുമ്പേ ഡോറുകൾ തുറന്ന് യാത്രക്കാരെ പുറത്തിറക്കി സുരക്ഷിതരാക്കി.
പതിനഞ്ച് മിനിറ്റിനകം തീ ആളിപടർന്നുവെന്ന് ഡ്രൈവർ വിജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. മിനിറ്റുകൾക്കകം പുറകിൽ നിന്ന് ഡ്രൈവർ സീറ്റ് വരെ തീആളിപടർന്നു. ആദ്യം ബസിലെയും പിന്നീട് പരിസരത്തെ കടകളിലെയും അഗ്നിരക്ഷാസംവിധാനങ്ങളും ഉപയോഗിച്ച് തീ അണയ്ക്കാനായിരുന്നു ശ്രമം. ബസ് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തെ തുടർന്ന് ചിറ്റൂർ റോഡിൽ മൂന്ന് മണിക്കൂർ ഗതാഗതം തടസപ്പെട്ടു.