പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും പാണക്കാട് ഖാസി ഫൗണ്ടേഷനും എതിരെ പേരു പറയാതെ രൂക്ഷവിമർശനം നടത്തിയ സമസ്ത സെക്രട്ടറി ഉമർഫൈസി മുക്കത്തിനെതിരെ ലീഗ്. ഉമര്‍ ഫൈസി മുക്കം നടത്തിയത് അപഹാസ്യമായ പ്രസ്താവനയെന്ന് മുസ്‌ലിം ലീഗ്. പാണക്കാട് കുടുംബത്തെ അപമാനിച്ച് ലീഗിനെ തകര്‍ക്കാന്‍ ചില രാഷ്ട്രീയക്കാരുടെ ശ്രമമാണ്. ലീഗ് പ്രവര്‍ത്തകര്‍ നോക്കിനില്‍ക്കും എന്ന് കരുതേണ്ടെന്നും ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. സാദിഖലി തങ്ങളെ ഖാസിയായി തിരഞ്ഞെടുത്തത് ജനങ്ങളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും ഇത്തരം ചില പരാമര്‍ശങ്ങള്‍ ഉണ്ടായി. ചിലരെ അധികാരത്തിന്‍റെ അപ്പക്കഷ്ണങ്ങള്‍ നല്‍കി വരുതിയിലാക്കിയെന്നും ലീഗ്.
ഉമർ ഫൈസിയെ തള്ളി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂരും രംഗത്തെത്തി. എല്ലാവരെയും കൂട്ടി യോജിപ്പിച്ചു കൊണ്ടുപോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമർ ഫൈസി മുക്കം ചോദ്യം ചെയ്തത് ശരിയായില്ലെന്ന് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഉമര്‍ ഫൈസിയുടേത് സമസ്തയുടെ നിലപാടല്ല, വ്യക്തിപരമാണെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാതെ സജീവമാക്കി നിര്‍ത്താനാണ് ചിലരുടെ ശ്രമം. സാദിഖലി തങ്ങള്‍ ഖാസിയാകാന്‍ യോഗ്യനാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
പാണക്കാട് കുടുംബത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഖാസി ഫൗണ്ടേണ്ടനേയും സാദിഖലി ശിഹാബ് തങ്ങളേയുമാണ് ഉമർഫൈസി മുക്കം രൂക്ഷമായ ഭാഷയിൽ കഴിഞ്ഞദിവസം വിമർശിച്ചത്. സിഐസി വിഷയത്തിൽ സമസ്തയുടെ എതിർപ്പിനെ തുടർന്ന് സ്ഥാന ചലനമുണ്ടായ സിഐസി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദശേരിയെ അതേ ചുമതലയിലേക്ക് മടക്കി കൊണ്ടു വന്നതിലുളള അതൃപ്തിയും പ്രകടമാക്കി. വിഷയത്തിൽ സമസ്തയെ അവഗണിച്ചെന്നും സഹകരിച്ചു പോകുന്നതാണ് രാഷ്ട്രീയ പാർട്ടിക്ക് നല്ലതെന്നും മുസ്‌ലീംലീഗിനെ ഉദ്ദേശിച്ച് ഉമർഫൈസി പറഞ്ഞിരുന്നു.