മലപ്പുറം പോത്തുകല്ല്, ആനക്കൽ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഒൻപത് മണിയോടെയാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാർ പറയുന്നു. പരിഭ്രാന്തരായ നാട്ടുകാർ വീടുകൾക്ക് പുറത്തിറങ്ങി. പ്രദേശത്തു നിന്ന് ആളുകളെ പഞ്ചായത്ത് അധികൃതർ മാറ്റി. വില്ലേജ് ഒഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി റിപ്പോർട്ട് ചെയ്യുന്നു.
രാത്രി 9.10 ന് ആദ്യ സ്ഫോടനം ഉണ്ടായതിന് പിന്നാലെ നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നതിനിടയാണ് പത്തേമുക്കാലിന് രണ്ടാമത്തെ സ്ഫോടന ശബ്ദവും വിറയിലുമുണ്ടായത്. ഭൂമികുലുക്കം പോലെ അനുഭവപ്പെട്ടതായാണ് നാട്ടുകാരുടെ സാക്ഷ്യം. കവളപ്പാറ ദുരന്തത്തിൽപ്പെട്ട ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച മേഖലയിലാണ് ഇന്ന് വിറയിൽ അനുഭവപ്പെട്ടത്. പഞ്ചായത്ത് ഭരണസമിതിയും പൊലീസും എത്തിയാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്.
നേരത്തെ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടു എന്ന വിവരത്തെ തുടർന്ന് ജിയോളജി ഉദ്യോഗസ്ഥർ വന്ന് ജിയോളജി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജിയോളജി ഉദ്യോഗസ്ഥർ അറിയിച്ച ശേഷമാണ് വീണ്ടും സ്ഫോടന ശബ്ദവും വിറയലും അനുഭവപ്പെട്ടത്.