സ്കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് രസവും അച്ചാറും ഔട്ട്. പച്ചക്കറികളും പരിപ്പും പയറും ഉള്‍പ്പെടെയുള്ള ഭക്ഷണം മതിയെന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഉച്ചഭക്ഷണത്തിന് ലഭിക്കുന്ന തുക തുച്ഛമാണെങ്കിലും സ്വന്തം കൈയ്യില്‍ നിന്നു പണമെടുത്ത് കുട്ടികള്‍ക്ക് നല്ല ഭക്ഷണം നല്‍കാന്‍ ശ്രമിക്കുകയാണ് അധ്യാപകര്‍.  തിരുവനന്തപുരത്തെ ആറ്റിന്‍കുഴി എല്‍.പി.സ്കൂളില്‍ നിന്നുള്ള കാഴ്ചയിലേക്ക്. 

ഇത്തവണ വിശദമായ മെനു വിദ്യാഭ്യാസ വകുപ്പ് എല്ലാ സ്കൂളുകള്‍ക്കും അയച്ചു കൊടുത്തിരിക്കുകയാണ്. അതില്‍ രസവും അച്ചാറും വേണ്ടെന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നു. രസവും അച്ചാറും കറികളായി ഉള്‍പ്പെടുത്തിയാല്‍ പച്ചക്കറിയും പരിപ്പും നല്‍കുന്നത് കുറയും. കൂടാതെ പലപ്പോഴും കുട്ടികള്‍ക്ക് ഇവ അസിഡിറ്റി ഉണ്ടാക്കുന്നതും കണക്കിലെടുത്താണ്  മെനുവില്‍ നിന്ന് ഒഴിവാക്കിയത്. 

പ്രാതലിനുള്ള പണം നല്‍കുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്. പലപ്പോഴും രണ്ടും മൂന്നും മാസം വൈകിയാവും തുക ലഭിക്കുക. ഉച്ചഭക്ഷണത്തിന് ഒരുകുട്ടിക്ക് ആറുരൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ആഴ്ചയില്‍ ഒരു മുട്ട മൂന്നു ദിവസം പാല്‍ എന്നിവക്ക് പ്രത്യേക പണം ലഭികും. തുച്ഛമായ തുകയാണിത്. സ്വന്തം കൈയ്യില്‍ നിന്ന് പണമെടുത്ത് ഭക്ഷണം ഉറപ്പാക്കുകയാണ് അധ്യാപകര്‍. രസവും അച്ചാറും ഒഴിവാക്കി നല്ല മെനു തയാറാക്കുന്ന വിദ്യാഭ്യാസ വകുപ്പ്  ഭക്ഷണത്തിനുള്ള തുക വര്‍ധിപ്പിക്കാന്‍കൂടി തയാറാകണം എന്ന ആവശ്യവും ശക്തമാണ്.

ENGLISH SUMMARY: