TOPICS COVERED

എറണാകുളം മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തില്‍ പ്രദേശവാസികളുടെ നിരാഹാര സമരത്തിന് പിന്തുണയുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുനമ്പത്തിന് ഒപ്പം താനും ബിജെപിയും ഉണ്ടാകുമെന്ന് സുരേഷ് ഗോപി സമരവേദിയിൽ പ്രഖ്യാപിച്ചു. സമരക്കാരെ തിരിഞ്ഞുനോക്കാത്ത ദ്രോഹികളെ വെച്ച് പൊറുപ്പിക്കരുതെന്ന് എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ഉന്നമിട്ട് സുരേഷ് ഗോപി ആഹ്വാനം ചെയ്തു.

ഭൂമി പ്രശ്നത്തില്‍ മുനമ്പം നിവാസികൾ നടത്തുന്ന നിരാഹാര സമരത്തിന്റെ പതിനെട്ടാം ദിവസമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ രംഗപ്രവേശം. വാഗ്ദാനങ്ങൾ നൽകാനല്ല വന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി പാർലമെന്റിൽ നിരന്തരം താൻ ഈ വിഷയം ഉന്നയിക്കാറുണ്ടെന്ന് വ്യക്തമാക്കി. 

ഭരണ-പ്രതിപക്ഷ നേതാക്കൾ മുനമ്പത്തേക്ക് വരാറില്ലെന്ന സമരക്കാരുടെ ആക്ഷേപത്തെ കൂട്ടുപിടിച്ചായി കേന്ദ്രമന്ത്രിയുടെ പ്രതികരണം. മുനമ്പത്തേക്ക് തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികളെ പിടിച്ചു നിർത്തി ചോദ്യം ചെയ്യണമെന്ന് തീപ്പൊരി ഡയലോഗ്. സമീപകാലത്തെ തന്‍റെ മാധ്യമവിമര്‍ശന നിലപാട് ഇവിടെയും സുരേഷ് ഗോപി തുടര്‍ന്നു. കൊരട്ടി പള്ളിയിൽ നിന്ന് ലഭിച്ച മാതാവിന്‍റെ തിരുസ്വരൂപം സുരേഷ് ഗോപി സമരപന്തലിൽ സ്ഥാപിച്ചു.

റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് 2021 മുതൽ സമര രംഗത്താണ് മുനമ്പം നിവാസികൾ. 1902ൽ ഫാറൂഖ് കോളേജിൽ നിന്ന് പണം കൊടുത്തു വാങ്ങിയ ഭൂമി, വഖഫ് ബോർഡിന്‍റേതാണെന്ന വാദമാണ് നിലവിലെ തർക്കത്തിന് കാരണം. 

വിഷയത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് നടത്തിയ വിശദീകരണ യോഗത്തില്‍ മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പ്രഖ്യാപിച്ചിരുന്നു. സ്ഥലം എം.പി ഹൈബി ഈഡനും കോണ്‍ഗ്രസും വഖഫ് ബോര്‍ഡിന് ഒപ്പമാണെന്ന ബി.ജെ.പി പ്രചാരണത്തെ പ്രതിരോധിക്കാനായിരുന്നു അന്നത്തെ വിശദീകരണയോഗം.

ENGLISH SUMMARY:

Suresh Gopi About Munambam Waqf Land Controversy