എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ ഫോണുകള്‍ പരിശോധിക്കണമെന്ന് നവീന്റെ ബന്ധു അനില്‍ പി.നായര്‍ ‘കൗണ്ടര്‍പോയന്റി’ല്‍. കേസില്‍ വാമൊഴിക്കല്ല, ഡിജിറ്റല്‍ തെളിവുകള്‍ക്കാണ് പ്രാധാന്യം. നവീന്റെ സ്ഥലംമാറ്റ ഉത്തരവ് പിടിച്ചുവച്ചതും അന്വേഷിക്കണമെന്ന് അനില്‍ ആവശ്യപ്പെട്ടു
Read Also: തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; മൊഴി ശരിവച്ച് കലക്ടര്‍
അതേസമയം, കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാക്കേസില്‍ റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതിൽ അവ്യക്തത തുടരുന്നു. പൊലീസ് ഇതുവരെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. ഇന്ന് കോടതി അവധിയായതിനാൽ അടുത്തദിവസം അപേക്ഷ കൊടുക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. കേസിൽ വിശദമായി പൊലീസ് നേരത്തെ തന്നെ ചോദ്യം ചെയ്തതിനാല്‍ കസ്റ്റഡി ഒഴിവാക്കിയേക്കും. പ്രത്യേക അന്വേഷണസംഘം ഇന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ സാധ്യതയുണ്ട്.
തെറ്റുപറ്റിയതായി എ.ഡി.എം. പറഞ്ഞെന്ന് കലക്ടര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വിവാദം കത്തുകയാണ്. മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നു പറഞ്ഞ കലക്ടര്‍ വിശദാശംങ്ങള്‍ പരസ്യമാക്കാന്‍ തയാറായില്ല. ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണര്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇക്കാര്യമില്ലെന്ന് പറഞ്ഞ് റവന്യൂമന്ത്രി ഒഴിഞ്ഞു മാറി. റവന്യൂവകുപ്പ് നടത്തിയ അന്വേഷണത്തിലും കലക്ടര്‍ ഈ മൊഴി നല്‍കിയിട്ടില്ലെങ്കില്‍ മൊഴിതന്നെ ദുരൂഹമാവും.
യാത്രയപ്പ് ചടങ്ങിന് ശേഷം തന്‍റെ ചേംബറില്‍ എത്തി നവീന്‍ ബാബു തനിക്ക് തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ചുവെന്ന് കലക്ടര്‍ നല്‍കിയ മൊഴി കോടതി വിധിയിലൂടെ ഇന്നലെയാണ് പുറത്തുവന്നത്. എന്നാല്‍ മൊഴി കൈക്കൂലി വാങ്ങിതിന് തെളിവായി കാണാനാകില്ലെന്ന കോടതി പരാമര്‍ശത്തോടെ എന്താണ് കല്ടറുടെ പൂര്‍ണ മൊഴിയെന്ന് ചര്‍ച്ച സജീവമാകുകയാണ്. പൊലീസിന് നല്‍കിയ ഇതേ മൊഴി തന്നെ റവന്യൂവകുപ്പിന്‍റെ അന്വേഷത്തിലും കലക്ടര്‍ നല്‍കിയിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. റവന്യൂവകുപ്പ് അന്വേഷത്തിന്‍റെ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ ജോയന്‍റ് കമ്മീഷണര്‍ സര്‍ക്കരിനും കൈമാറിയിട്ടും പ്രാഥമിക റിപ്പോര്‍ട്ടില്‍ അത്തരം കാര്യങ്ങളില്ലെന്ന് പറഞ്ഞ് റവന്യൂമന്ത്രി ഒഴിഞ്ഞുമാറി
കലക്ടറുടെ മൊഴിയുടെ ബാക്കി ഭാഗം കൂടി പുറത്തുവന്നാലെ എന്ത് തെറ്റാണ് തനിക്ക് സംഭവിച്ചതെന്ന് എഡിഎം പറഞ്ഞതായി വ്യക്തമാവൂ. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുസമൂഹത്തോട് ഇനിയും കാര്യങ്ങള്‍ തുറന്ന ്പറയാതെ കലക്ടര്‍ അരുണ്‍ കെ വിജയനും എന്തൊക്കയോ ഒളിക്കുകയാണ്. പി പി ദിവ്യയെ സംരക്ഷിക്കാന്‍ എഡിഎം പ്രതിക്കൂട്ടിലാക്കാന്‍ കലക്ടര്‍ നല്‍കിയിയ മൊഴിയാണോ എന്നതില്‍ വ്യക്ത വരുത്തേണ്ടത് റവന്യൂവകുപ്പാണ്