തൃശൂര്‍ പൂരനഗരിയില്‍ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിനു വയ്യാത്തതിനാല്‍ ആംബുലന്‍സില്‍ കയറിയെന്നാണ് പുതിയ ഭാഷ്യം. ബി.ജെ.പി നേതാക്കളുടെ അറിവോടെയാണ് സുരേഷ് ഗോപി ആംബുലന്‍സില്‍ കയറിയതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.
മായക്കാഴ്ചയല്ല. യഥാര്‍ഥത്തിലുള്ളതാണ് ആംബുലന്‍സ് യാത്രയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മതിച്ചു. ചേലക്കരയില്‍ പ്രസംഗിച്ചപ്പോഴാണ് ആംബുലന്‍സില്‍ കയറിയിട്ടില്ലെന്നും മായക്കാഴ്ചയാണെന്നും പറഞ്ഞത്. ആംബുലന്‍സിന്റെ കാര്യം സി.ബി.ഐയ്ക്കു മുമ്പില്‍ മാത്രമേ വ്യക്തമായി പറയൂവെന്നാണ് അന്ന് സുരേഷ് ഗോപി പറഞ്ഞത്. പക്ഷേ, ആ നിലപാടും മാറ്റി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് മൂവ് ഔട്ട് പറഞ്ഞ കേന്ദ്രമന്ത്രി തിരുവന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയാറായി. സി.ബി.ഐയ്ക്കു മുമ്പില്‍ പറയേണ്ട കാര്യങ്ങളും മാധ്യമങ്ങളോട് പറഞ്ഞു. പൂരം രാത്രി സ്വരാജ് റൗണ്ടിനു സമീപം എത്തിയ തന്നെ ചിലര്‍ ആക്രമിച്ചെന്നായിരുന്നു പുതിയ വെളിപ്പെടുത്തല്‍. പൂരത്തിനിടെ ആംബുലന്‍സ് ഉപയോഗിച്ചത് ബി.ജെ.പി. നേതാക്കളുടെ അറിവോടെയാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.
ആംബുലന്‍സിലെ വരവ് നവമാധ്യമങ്ങളില്‍ ആഘോഷമാക്കിയ ബി.ജെ.പി. പ്രവര്‍ത്തകരെ നാണംകെടുത്തുന്നതായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കിടയിലെ അമര്‍ഷം തിരിച്ചറിഞ്ഞാണ് പറഞ്ഞത് മാറ്റിപ്പറയാന്‍ കേന്ദ്രമന്ത്രി തയാറായത്.