വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം ഇതുവരെ നയാപൈസ നല്‍കിയില്ലെന്നാരോപിച്ച് സംസ്ഥാന സര്‍ക്കാര്‍. വയബിലിറ്റി ഗ്യാപ് ഫണ്ട് ഉടന്‍നല്‍കണമെന്നും അത് സംസ്ഥാനം തിരിച്ചടക്കണം എന്ന വ്യവസ്ഥ വേണ്ടെന്നുവെക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇതോടെ ഡിസംബറില്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്ന തുറമുഖത്തിന്‍റെ കമ്മിഷനിംങ് വൈകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖപദ്ധതിക്ക് കേന്ദ്രം അനുവദിക്കേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ട് ഉടന്‍ നല്‍കണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. പൊതു–സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കുന്ന വികസനപദ്ധതിയായതിനാല്‍ കേന്ദ്രം നല്‍കുന്ന വി.ജി.എഫ് സംസ്ഥാനം തിരിച്ചടക്കണമെന്ന വ്യവസ്ഥ യുക്തിസഹമല്ലെന്നാണ് കേരളത്തിന്‍റെ വാദം. ഇത് ഒറ്റത്തവണ ഗ്രാന്‍ഡായാണ് നല്‍കേണ്ടതെന്നും കേരളം പറയുന്നു. തുക സംസ്ഥാനം തിരിച്ചടക്കണം എന്ന വ്യവസ്ഥ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചു. . തിരിച്ചടവ് വേണ്ടി വന്നാല്‍ അത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാകും. പന്ത്രണ്ടായിരം കോടി രൂപയോളം സംസ്ഥാനം തിരിച്ചു നല്‍കണമെന്നത് കേരളത്തിന് താങ്ങാവാവുന്നതല്ലെന്നും മുഖ്യമന്ത്രിയുടെ കത്ത് പറയുന്നു. കേന്ദ്രം നൽകുന്ന 817 കോടിക്ക് 10000 കോടിയിലധികം രൂപതിരിച്ചടക്കണമെന്ന കേന്ദ്ര നിലപാട് സംസ്ഥാന സർക്കാരിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ കുരുങ്ങിയാല്‍ ഡിസംബറില്‍ വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ചെയ്യുന്നത് വൈകാനും ഇടയുണ്ട്.