കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ഒരു ദീപാവലി സമ്മാനം വരുന്നു. രണ്ട് വന്ദേ ഭാരത് ട്രെയിനുകളുടെയും ബോഗികളുടെ എണ്ണം കൂട്ടാനാണ് സാധ്യത തെളിയുന്നത്.
വന്ദേ ഭാരതിൽ ടിക്കറ്റ് നോക്കി , ഒരു രക്ഷയുമില്ല ഫുളളാണെന്ന സങ്കടം പറച്ചിലാണ് എപ്പോഴും കേൾക്കാറ്. ഇതങ്ങ് ഡൽഹി വരെ കേട്ടെന്ന് തോന്നുന്നു. കോട്ടയം വഴി ഓടുന്ന തിരുവനന്തപുരം - കാസർകോട് വന്ദേ ഭാരത് ടെയിനിൽ 16 കോച്ചുകളാണ് നിലവിൽ . ഇത് 20 ആക്കാനാണ് നീക്കം. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം - മംഗളൂരു 8 കോച്ച് ട്രെയിനിൽ 16 കോച്ചുകൾ ഉൾപ്പെടുത്തിയേക്കും.
നിലവിൽ കോട്ടയം വഴി സർവീസ് നടത്തുന്ന 16 കോച്ചുകളുള്ള വന്ദേ ഭാരത് ആലപ്പുഴ റൂട്ടിലേയ്ക്ക് മാറ്റാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ കോട്ടയം റൂട്ടിൽ 20 കോച്ചുകളുള്ള പുതിയ ട്രെയിൻ വരും. നിലവിലുള്ള ആലപ്പുഴ ട്രെയിൻ തിരക്ക് കുറഞ്ഞ മറ്റൊരു റൂട്ടിലേയ്ക്ക് മാറ്റാനും സാധ്യതയുണ്ട്.
നിലവിൽ രാജ്യത്തെ ഏറ്റവും നിറഞ്ഞോടുന്ന വന്ദേ ഭാരത് സർവീസുകളാണ് കേരളത്തിലേത്. കോച്ചുകൾ കൂട്ടണമെന്നത് ദീർഘനാളായുള്ള ആവശ്യവും. അക്കാരണം തന്നെയാണ് തന്നെയാണ് കോച്ചുകൾ കൂട്ടാനുള്ള തീരുമാനത്തിന് പിന്നിലും.