police-medal-investigation

സംസ്ഥാന സര്‍ക്കാരിന്‍റെ പൊലീസ് മെഡലില്‍ വ്യാപകമായി അക്ഷരത്തെറ്റ് കടന്നുകൂടിയതില്‍ അന്വേഷണം. ഡിഐജി സതീഷ് ബിനോയ്ക്കാണ് അന്വേഷണച്ചുമതല.  നാല്‍പതിലധികം മെഡലുകളില്‍ തെറ്റ് സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതിലെ കാലതാമസവും അന്വേഷിക്കും. 

 

ഭാഷാദിനം കൂടിയായ കേരളപ്പിറവി ദിനത്തിലാണ് അക്ഷരത്തെറ്റുള്ള പൊലീസ് മെഡല്‍ മുഖ്യമന്ത്രി സമ്മാനിച്ചത്. ആകെ ആറുവാക്കുള്ള മെഡലിലെ മൂന്ന് വാക്കിലും അക്ഷരപ്പിശാച് കടന്നുകൂടി. മുഖ്യമന്ത്രിക്ക് വള്ളിയിടാന്‍ മറന്നുപോയപ്പോള്‍ 'മുഖ്യമന്ത്ര'യായി. വള്ളി പ്രശ്നം അവിടെ മാത്രമല്ല, പൊലീസ് എന്നത് എഴുതി വന്നപ്പോള്‍ 'പൊലസ്' ആയി. 'ല'യ്ക്കും വള്ളിയില്ല. മെഡലിന്റെ 'ല്‍' മാറി 'ന്‍' ആയപ്പോള്‍ 'മെഡന്‍' ആയി.

മെഡല്‍ തയാറാക്കിയ പൊലീസ് ആസ്ഥാനത്തെ ഉന്നതരോ വിതരണം ചെയ്ത മുഖ്യമന്ത്രിയോ വായിച്ചുനോക്കാത്തതുകൊണ്ടാവാം. മലയാളം പിഴച്ചത് ആരും അറിഞ്ഞില്ല. മെഡല്‍ നേടിയ ചില പൊലീസുകാര്‍ വീട്ടുകാരെയും കൂട്ടുകാരെയും കാണിച്ചപ്പോളാണ് നാണക്കേടായത്. പൊലീസിന്റെ ജോലികള്‍ സ്ഥിരം കിട്ടുന്ന തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയാണ് മെഡല്‍ തയാറാക്കിയത്. മലയാളി അറിയാത്ത ഏതോ ഇതരസംസ്ഥാന തൊഴിലാളി അടിച്ചുവച്ചത് അതേപടി എടുത്ത് വിതരണം ചെയ്തുവെന്നാണ് സംശയം. എന്തായാലും തെറ്റുപറ്റിയത് മുഴുവന്‍ ഉടന്‍ മാറ്റിക്കൊടുക്കാന്‍ കമ്പനിയോട് ഡിജിപി ആവശ്യപ്പെടുകയായിരുന്നു.

Google News Logo Follow Us on Google News

ENGLISH SUMMARY:

DIG Satheesh Bino will investigate the spelling mistakes on the Kerala government's police medal that was distributed by the CM on November 1