medisep-kerala

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പൊളിച്ചെഴുതുന്നു. ഇൻഷുറൻസ് പാക്കേജിനെ കുറിച്ച് വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് സർക്കാർ തീരുമാനം. പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുന്നതിനായി ശ്രീറാം  വെങ്കിട്ടരാമൻ അധ്യക്ഷനായ കമ്മിറ്റിക്കും സര്‍ക്കാര്‍ രൂപം നല്‍കി. 

 

ഗുരുതര രോഗങ്ങള്‍ക്ക് പോലും കവറേജ് കിട്ടുന്നില്ല, കാഷ്​ലെസ് ചികില്‍സ ഫലപ്രദമായി നടക്കുന്നില്ല, ചികില്‍സാ തുക ക്ലെയിം ചെയ്താലും മുഴുവന്‍ ലഭിക്കുന്നില്ല, പട്ടികയിലുണ്ടായിരുന്ന സ്വകാര്യ ആശുപത്രികളില്‍ ഇനി പദ്ധതിയുടെ ഭാഗമായുള്ളത് വിലലിലെണ്ണാവുന്നവ മാത്രം ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരാതികളാണ് മെഡിസെപിലുള്ളത്.

Google News Logo Follow Us on Google News

പദ്ധതി തുടങ്ങിയ ആദ്യമാസം തന്നെ പരാതിയും വന്നു. പരിഹരിച്ചുവെന്നു പറഞ്ഞ സര്‍ക്കാര്‍, പദ്ധതിയുടെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി ഭരണാനുകൂല സംഘടനകള്‍ തന്നെയെത്തിയതോടെ ആകെ വെട്ടിലായി. പദ്ധതിയുടെ നിലവിലെ പോക്കിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകളും സമരം പ്രഖ്യാപിച്ചു. ഇതോടെയാണ് പുനരാലോചനയക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ദസമിതിയേയും നിയോഗിച്ചത്. പാളിച്ചകള്‍ എന്തൊക്കെ, എങ്ങനെ പരിഹരിക്കാം, കൂടുതല്‍ ആശുപത്രികളെ എങ്ങനെ പങ്കാളിയാക്കാം തുടങ്ങിയവയില്‍ നിര്‍ദേശം സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രീമിയം ഇരട്ടിയലധികം കൂട്ടണമെന്നാണ് ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ആവശ്യം. 2025 ജൂണ്‍ 30 നാണ് ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള മൂന്നു വര്‍ഷത്തെ കരാര്‍ അവസാനിക്കുന്നത്. പുതുക്കിയ കരാര്‍ എത്തുമ്പോള്‍ പ്രീമിയം തുക ഗണ്യമായ തോതില്‍ വര്‍ധിക്കുമെന്നാണ് സൂചന.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് മെഡിസെപ്പ്.  പദ്ധതിയില്‍ അംഗങ്ങളായുള്ളവരുടെ ശമ്പളത്തില്‍ നിന്നോ പെന്‍ഷനില്‍ നിന്നോ 500 രൂപ പ്രീമിയമായി സ്വീകരിച്ച് ഒരു കുടുംബത്തിന് പരമാവധി 3 ലക്ഷം രൂപവരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് മെഡിസെപ്പിലൂടെ നല്‍കിവന്നിരുന്നത്. ഒന്നര ലക്ഷം രൂപ ഒരുവര്‍ഷത്തേക്ക് എന്ന കണക്കിലാണിത് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്ട് ടൈം ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍,എയ്ഡഡ് സ്‌കൂളുകളിലേത് ഉള്‍പ്പടെയുള്ള അധ്യാപക-അനധ്യാപക ജീവനക്കാര്‍,സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍,പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍, അവരുടെ ആശ്രിതര്‍, എന്നിവര്‍ക്ക് പുറമെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കൂടി ഗുണഭോക്താക്കളായി മെഡിസെപ്പില്‍ ഉള്‍പ്പെടും.

ENGLISH SUMMARY:

The Kerala government has formed a committee headed by Sreeram Venkatraman for the second phase of the implementation of Medisep. There were widespread complaints about the insurance project