കേരളത്തിന്‍റെ കൗമാര കുതിപ്പുമായി നാളെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ട്രാക്ക് ഉണരും. ഒളിംപിക്സ് മാതൃകയിലുള്ള ആദ്യ സ്‌കൂൾ കായികമേള വൈകിട്ട് നാല് മണിക്ക്  വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്‍റെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടി നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. 

ഒളിംപിക്സ് മാതൃകയിൽ നടക്കുന്ന ആദ്യ സ്‌കൂൾ കായികമേളക്ക് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന കലാപരിപാടികൾ ഉദ്ഘാടന സമ്മേളനത്തിന്‍റെ ഭാഗമായി അവതരിപ്പിക്കും. കലാപരിപാടികളുടെ അവസാന വട്ട പരിശീലനത്തിലാണ് കുട്ടികൾ. 

എറണാകുളം ജില്ലയുടെ 17 വേദികളിലായി 24,000 കായിക പ്രതിഭകൾ 39 ഇനങ്ങളിൽ മത്സരിക്കും. കേരള സിലബസ് പ്രകാരം ഗൾഫിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ നിന്നുള്ളവരും മേളയ്ക്ക് എത്തും. അതേസമയം അത്ലറ്റിക്സ് മത്സരങ്ങൾ നടക്കുന്ന മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പണികൾ ഇനിയും പൂർത്തിയാകാനുണ്ട്. 

ജംപിങ് മത്സരങ്ങൾക്ക് ഉളള റൺ വെ ഗ്രൗണ്ട് സജ്ജമായിട്ടുണ്ട്. പക്ഷെ ജംപിങ് പിറ്റിൽ മണൽ നിരക്കുന്നതിനുള്ള പണികൾ ബാക്കിയാണ്. അത്ലറ്റിക്സ് മത്സരങ്ങൾ നവംബർ ഏഴ് മുതൽ ആണ് ആരംഭിക്കുക. അതിനാൽ തയ്യാറെടുപ്പുകൾക്ക് സാവകാശം ഉണ്ടെന്ന നിലപാടിലാണ് സംഘാടകർ.

ENGLISH SUMMARY:

Kerala state school meet begins tomorrow; works pendig at Maharajas college ground