ഹിന്ദു ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍. തന്‍റെ പേരില്‍ 11 ഗ്രൂപ്പുകള്‍ രൂപീകരിച്ചെന്നും മല്ലു മുസ്‌ലിം എന്ന പേരിലും ഗ്രൂപ്പുണ്ടെന്നും ഗോപാലകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മറ്റാരോ ഫോണ്‍ ഹാക്ക് ചെയ്താണ് ഗ്രൂപ്പുകള്‍ തുടങ്ങിയത്. സുഹൃത്താണ് വിവരം ശ്രദ്ധയില്‍പ്പെടുത്തിയതെന്നും അപ്പോള്‍തന്നെ ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്തെന്നും ഗോപാലകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ക്ഷമ ചോദിച്ച് എല്ലാവര്‍ക്കും മെസേജ് അയച്ചു. മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് വിഷയത്തിന്റെ ഗൗരവം മനസിലായതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, വിവാദ മല്ലു ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിൽ സർക്കാർ പരിശോധനയുണ്ടായേക്കും. ഫോൺ ഹാക്ക് ചെയ്തതാണെന്ന കെ. ഗോപാലകൃഷ്ണന്റെ വിശദീകരണമടക്കം പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് സൂചന. ഒരു മത വിഭാഗത്തിനെ മാത്രം ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് കടുത്ത സർവീസ് ചട്ടലംഘനവുമാണ്. അതിനിടെ മുസ്‌ലിം വിഭാഗത്തിന്റെ ഗ്രൂപ്പും തന്റെ ഫോണില്‍ ഹാക്കര്‍മാര്‍ ഉണ്ടാക്കിയതായി അദ്ദേഹം പൊലീസിനെ അറിയിച്ചിട്ടുണ്ട്. Also Read: ‘ഹിന്ദു ഐഎഎസ് ഓഫിസേഴ്സ് വാട്സാപ്പ് ഗ്രൂപ്പ്’; ദീപാവലി ആശംസ അറിയിക്കാനെന്ന് വിശദീകരണം
വാട്സാപ് ഗ്രൂപ്പിനെ ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.ഗോപാലകൃഷ്ണൻ തന്നെ തള്ളുകയും സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്തങ്കിലും സർക്കാരിനു പരിശോധന നടത്താതിരിക്കാനാവില്ല. ഉന്നത ഉദ്യോഗസ്ഥന്റെ ഫോൺ ചോർത്തി സാമുദായിക സ്പർധയുണ്ടാക്കുന്ന വിധം ഗ്രൂപ്പുണ്ടാക്കിയ താരാണെന്ന ചോദ്യമാണ് ഉയരുന്നത്. ഗോപാലകൃഷ്ണൻ തന്നെ പരാതിയുമായി സമീപിച്ചതിനാൽ എത്രയും വേഗം കണ്ടെത്തേണ്ട ബാധ്യത സൈബർ പൊലീസിനുമുണ്ട്.
ഒരു മത വിഭാഗത്തിനെ മാത്രം ഉൾപ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കുന്നത് കടുത്ത സർവീസ് ചട്ടലംഘനമായതിനാൽ ഉയർന്ന ആരോപണത്തിന്റെ നിജസ്ഥിതി കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തേയും അറിയിക്കണം. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലാണ് കെ.ഗോപാലകൃഷ്ണൻ ഐ.എ.എസ് അഡ്മിൻ ആയി ഗ്രൂപ്പുണ്ടാക്കിയത്. സംഭവം വിവാദമായതോടെ ഗ്രൂപ്പ് അപ്രത്യക്ഷമായി. വാർത്ത പരന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ചീഫ് സെക്രട്ടറിയോടു ഇന്നലെ തന്നെ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഇന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക നടപടികൾ ഉണ്ടായേക്കും. അതിനിടെയാണ് മുസ്ലിം മത വിഭാഗത്തിന്റെത് ഉൾപ്പടെയുള്ള ഗ്രൂപ്പുകൾ ഉണ്ടെന്നുള്ള ആക്ഷേപമുയരുന്നത്.