ഹോര്‍ത്തൂസ് സാഹിത്യോത്സവത്തിന് തിരശീല വീണപ്പോള്‍ രണ്ടാം പതിപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഏവരും. കോഴിക്കോട് കടപ്പുറത്ത് മൂന്നുദിവസം നീണ്ടുനിന്ന കലാ സാഹിത്യോത്സവം യുവാക്കളും കലാസ്വാദകരും കളറാക്കി.
മൂന്ന് ദിവസം. 130 ലേറെ സെഷനുകള്‍. കലാ സാഹിത്യ സംസ്ക്കാരിക വിഷയങ്ങള്‍ക്ക് പുറമേ രാഷ്ട്രീയവും ചരിത്രവും സാമ്പത്തികവുമെല്ലാം സജീവ ചര്‍ച്ചയായ മൂന്ന് ദിനരാത്രങ്ങള്‍. ഹോര്‍ത്തൂസ് സമ്മാനിച്ച ഓളം അത് വേറെ തന്നെ.
കടുത്ത ചൂടിനിടെ ഇടയ്ക്ക് പെയ്ത തുലാമഴ സംവാദങ്ങളുടെ മാറ്റ് കൂട്ടിയതേ ഉള്ളൂ. ഒടുവില്‍ ഹോര്‍ത്തൂസ് രണ്ടാം പതിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. മൂന്ന് ദിവസം മൂന്ന് നിമിഷങ്ങളായി കടന്നുപോയി പലര്‍ക്കും. പതിവ് സാഹിത്യോത്സവങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മികവാര്‍ന്ന കലാവിസ്മയങ്ങള്‍ക്കൊപ്പം കൊച്ചി ബിനാലെ അടക്കമുള്ള വിവിധ പവലിയനുകള്‍ കൂടി ചേര്‍ന്നതോടെ കാഴ്ച്ചയുടെ പുതിയ അനുഭവമാണ് സമ്മാനിച്ചത്.