കണ്ണൂർ കലക്ടർ അരുൺ കെ.വിജയനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നെന്ന് ഐ.എ.എസ് അസോസിയേഷൻ. അതൃപ്തി ചീഫ് സെക്രട്ടറിയോട് പറഞ്ഞ് അസോസിയേഷൻ. ചീഫ് സെക്രട്ടറി വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടർ അരുൺ കെ.വിജയനെ ചെയ്യാത്ത തെറ്റിന്റെ പേരിൽ ക്രൂശിക്കുന്നെന്നാണ് അസോസിയേഷന്റെ പരാതി. ജനാധിപത്യ വ്യവസ്ഥയിൽ ഉദ്യോഗസ്ഥ സംവിധാനം പലപ്പോഴും നിശബ്ദരാവേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടുന്നു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തടയുന്നതിലടക്കം കളക്ടർക്ക് പരിമിതിയുണ്ട്. അതു കൊണ്ടു തന്നെ ഉദ്യോഗസ്ഥരെ വേട്ടയാടിയാൽ ധാർമികമായി തകർക്കുന്നതിനു തുല്യമാകുമെന്നാണ് പൊതുവികാരം. ഇക്കാര്യം അസോസിയേഷനിലെ മുതിർന്ന അംഗമായ ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. Also Read: എഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് കുരുക്കായി സ്വന്തം മൊഴി...
അസോസിയേഷന്റെ പൊതുവികാരം ചീഫ് സെക്രട്ടറി സർക്കാരിനെ അറിയിച്ചേക്കും. രണ്ടാം നിര ഐ.എ.എസ് ഉദ്യോഗസ്ഥരിലാണ് ഈ വികാരം ശക്തമായത്. ഇതിനു പുറമേ സർവീസ് ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാതെ ഐ.എ.എസ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതിലും അസോസിയേഷനിൽ വ്യാപക അതൃപ്തിയുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥനെ ഒരു തസ്തികയിൽ കുറഞ്ഞതു രണ്ടു വർഷമെങ്കിൽ തുടരാൻ അനുവദിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
സ്ഥലം മാറ്റം, നിയമനങ്ങൾ തുടങ്ങിയവയ്ക്ക് സംസ്ഥാനത്തെ സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയും വേണം. അടുത്തിടെ ഇവയൊന്നും പാലിക്കപ്പെടുന്നില്ല. അടുത്ത കാലം വരെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന്റെ കണക്കുകൾ അസോസിയേഷൻ ഇതിനുള്ള തെളിവായി ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ ആകെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരിൽ 12 പേർ മാത്രമാണ് ഒരു പദവിയിൽ കുറഞ്ഞതു രണ്ടു വർഷം പൂർത്തിയാക്കിയിട്ടുള്ളത്. എന്നാൽ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയാൽ മതിയെന്നും പരസ്യ പ്രതിഷേധത്തിലേക്കു പോകേണ്ടന്നുമാണ് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിലപാട്.