munambam-waqf-land-issue

മുനമ്പം ഭൂമി പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ആരെയും കുടിയൊഴിപ്പിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വഖഫ് ബോര്‍ഡ് കേസ് പിന്‍വലിച്ചാല്‍ തീരുന്ന പ്രശ്നമാണെന്നും സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അഭിപ്രായപ്പെട്ടു. മുനമ്പത്തെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. 

 

മുനമ്പത്തെ 614 കുടുംബങ്ങളുടെ ഭൂമി സംബന്ധിച്ച അവകാശങ്ങള്‍ പുനസ്ഥാപിക്കുക, പ്രശ്നത്തിന് നിയമപരമായി ശാശ്വത പരിഹാരം കാണുക എന്നിവ മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേരുക. റവന്യൂ, വഖഫ് വകുപ്പ് മന്ത്രിമാരും വഖഫ് ബോര്‍ഡ് ചെയര്‍മാനും വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും.  ഈമാസം 16 ന്  ഓണ്‍ലൈനായാണ് യോഗം ചേരുക. ആരെയും കുടിയൊഴിപ്പിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. വി.എസ്. സര്‍ക്കാരിന്‍റെ കാലത്തുണ്ടായ പ്രശ്നമാണ്. കേസ് പിന്‍വലിക്കാന്‍ വഖഫ് ബോര്‍ഡിനോട് സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

ലീഗിന്‍റെ വഖഫ് പ്രതിനിധികളും പി.കെ. കുഞ്ഞാലിക്കുട്ടിയും  രണ്ട് രീതിയിലാണ് പ്രശ്നത്തെ കുറിച്ച് പ്രതികരിക്കുന്നതെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ ആരോപിച്ചു. 

ഹൈക്കോടതിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കേസ്, സിങ്കിള്‍ബഞ്ചിന്‍റെ വിധി എന്നിവ ഉള്‍പ്പെട പരിശോധിച്ചാവും തുടര്‍നടപടികള്‍. റവന്യൂ വകുപ്പ് നേരത്തെ മുനമ്പത്തെ ഭൂമിക്ക് കരം സ്വീകരിച്ചിരുന്നതിന്‍റെ വിശദാംശങ്ങളും സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. 

ENGLISH SUMMARY:

Munambam Waqf land issue; Chief Minister calls high level meeting on November 16.