മതാടിസ്ഥാനത്തിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പുമായി ബന്ധപ്പെട്ട് വാട്സാപ്പിനോട് വിവരം തേടി പൊലീസ്. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍റെ മൊബൈല്‍ ഹാക്ക് ചെയ്താണോ ഗ്രൂപ്പ് രൂപീകരിച്ചതെന്ന് അറിയാനാണ് പൊലീസ് നടപടി. റിപ്പോര്‍ട് വരുന്നതുവരെ മറ്റു നടപടികള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഹാക്കുചെയ്തുണ്ടാക്കിയ ഗ്രൂപ്പുകള്‍ മതാടിസ്ഥാനത്തിലല്ലെന്നു കെ.ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.
വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചതിന്റെ ഐ.പി അഡ്രസ് ഉള്‍പ്പടെയുള്ള വിവരങ്ങളാണ് തേടിയിരിക്കുന്നത്. ഗോപാലകൃഷ്ണനില്‍ നിന്ന് ഗ്രൂപ്പുകളുടെ സ്ക്രീന്‍ഷോട്സും പൊലീസ് ശേഖരിച്ചു. വാട്സപ്പില്‍ നിന്നുള്ള വിവരം ലഭിച്ച ശേഷമായിരിക്കും കേസെടുത്തുള്ള അന്വേഷണം തുടങ്ങുക. 30നാണ് ഗോപാലകൃഷ്ണന്‍ അഡ്മിനായി ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിച്ചത്.
ഹാക്ക് ചെയ്ത് മറ്റാരോ രൂപീകരിച്ചതാണെന്ന് വിശദീകരിച്ചെങ്കിലും ഗ്രൂപ്പിനേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്ന ശേഷം ഇന്ന് രാവിലെ മാത്രമാണ് ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയത്. ഹിന്ദു വാട്സാപ് ഗ്രൂപ്പ് വിവാദമായതോടെ ഫോണ്‍ ഹാക്ക് ചെയ്തെന്നതിനു തെളിവായി മുസ്ലിം ഗ്രൂപ്പും ഉണ്ടാക്കിയതിന്‍റെ സ്ക്രീന്‍ഷോട്ട് കെ.ഗോപാലകൃഷ്ണന്‍ തന്നെ പുറത്തു വിട്ടു. ഇന്നുച്ചയ്ക്ക് ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നേരിട്ടുകണ്ട് ഗോപാലകൃഷ്ണന്‍ വിശദീകരണം നല്‍കി. ഫോണ്‍ ഹാക്കു ചെയ്തതാണെന്നും പരാതി കമ്മിഷണര്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമുള്ള വിശദീകരണമാണ് ഇന്നും നല്‍കിയത്.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്ന മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പില്‍ സര്‍ക്കാരിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സെബര്‍ പൊലീസിന്‍റെ റിപ്പോര്‍ട് വരും വരെ മുന്‍ധാരണ വേണ്ടെന്നാണ് നിലവില്‍ സര്‍ക്കാര്‍ ധാരണ.