പാലക്കാട്ടെ ഹോട്ടലിലെ പരിശോധന പൂര്‍ത്തായായി എന്ന് പൊലീസ്. 12 മുറികള്‍ പരിശോധിച്ചെന്നും, പണം കണ്ടെത്താനായില്ലെന്നും എസിപി അശ്വതി ജിജി പറഞ്ഞു. 12 മണിയോടെയാണ് പൊലീസ് പരിശോധനയ്ക്കായി എത്തിയത്. ബിന്ദു കൃഷ്ണയുടെ മുറിയില്‍ ആദ്യം പരിശോധന നടത്തി. പിന്നാലെ ഷാനി മോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധനയ്ക്ക് എത്തി. എന്നാൽ വനിത പൊലീസ് ഇല്ലാതെ പരിശോധന അനുവദിക്കില്ലെന്നു ഷാനിമോൾ ഉസ്‍മാൻ നിലപാടെടുത്തു.
പൊലീസ് ബലം പ്രയോഗിച്ച് മുറിയിലേക്ക് ഇടിച്ചുകയറിയെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് തയ്യാറായില്ലെന്നും മുറിയിലേക്ക് പൊലീസ് ഇടിച്ചുകയറിയെന്നും വനിതാനേതാക്കള്‍ ആരോപിച്ചു. ഇതിനു പിന്നാലെയാണ് സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ പൊലീസിനെതിരേ തിരിഞ്ഞത്. ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍നിന്ന് ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് എഴുതിനല്‍കി. സംഭവമറിഞ്ഞ് രാത്രി 1.30-ഓടെ എം.പി.മാരായ ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒപ്പ് ഇല്ലാതെയാണ് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ രണ്ടാമത് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ മാത്രമാണ് ഉദ്യോഗസ്ഥരുടെ ഒപ്പ് ഉള്ളത്.
ഇതിനിടെ പുറത്ത് സിപിഎം, ബിജെപി നേതാക്കൾ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. കൂടുതൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിനു അകത്തേക്കും എത്തി. ഇതോടെ ഹോട്ടലിൽ വലിയ സംഘർഷാവസ്ഥയായി. മാധ്യമ പ്രവർത്തകർക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി.