സങ്കടക്കടലാണിന്ന് വയനാട് മൂടക്കൊല്ലി പ്രദേശം. കുട്ടായി എന്നുവിളിച്ചിരുന്ന ജിതിന്‍റെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്ന് മുക്തരാകും മുന്നേ കൂട്ടുകാര്‍ക്കും നാടിനും നോവായി ചാമിയും പോയി. ഒക്ടോബര്‍ 31ന് കര്‍ണാടകയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് ജിതിന്‍ മരിച്ചത്. ജിതിന്‍റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. ജിതിന്‍റെ വിവാഹം കഴിഞ്ഞ് ഒരുമാസം പോലുമാകും മുന്‍പായിരുന്നു വിധി എല്ലാം തകിടം മറിച്ചത്.
‘കുട്ടായി...’ എന്ന് വിളിച്ചുതീരും മുന്‍പേ കൂട്ടുകാര്‍ക്കും നാടിനും വേണ്ടി ഏതൊരാവശ്യത്തിനും മുന്നിലുണ്ടായിരുന്ന ജിതിന്‍ ഇനിയില്ല എന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ മൂടക്കൊല്ലിക്ക് ഇനിയുമായിട്ടില്ല. അതിനിടയിലാണ് ചാമിയുടെ മരണം. മൂടക്കൊല്ലി നെടുമല സ്വദേശി ശരത് ആണ് ചാമി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്നത്. ജിതിന്‍റെ മരണം ശരതിനെ വല്ലാതെ തളര്‍ത്തിയിരുന്നുവെന്നാണ് കുടുംബവും കൂട്ടുകാരും പറയുന്നത്. ആ വിയോഗം താങ്ങാനാകാതെ കഴിഞ്ഞ ദിവസം ശരത് ജീവനൊടുക്കുകയായിരുന്നു.
പ്രണയവിവാഹിതരായി ദിവസങ്ങള്‍ മാത്രം പിന്നിടിമ്പോഴാണ് ഭാര്യ മേഘ്നയെ തനിച്ചാക്കി ജിതിന്‍ യാത്രയായത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു ജിതിന്‍റെ പ്രായം. ഒക്ടോബര്‍ ആദ്യവാരമായിരുന്നു മേഘ്നയുമായുള്ള ജിതിന്‍റെ വിവാഹം. ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു മേഘ്ന. ഇവിടെവച്ചാണ് ജിതിന്‍ മേഘ്നയെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീടത് പ്രണയമായി വളര്‍ന്നു.
ALSO READ; വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം; മേഘ്നയെ ഒറ്റയ്ക്കാക്കി ജിതിന്‍ മടങ്ങി; സ്വപ്നങ്ങള്‍ ബാക്കി
മേഘ്നയുടെ വീട്ടുകാര്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് വിളിച്ചിറക്കി വിവാഹവും കഴിച്ചു. പഠിക്കാനാണ് മേഘ്നയ്ക്ക് താല്‍പര്യമെന്നറിഞ്ഞ് കര്‍ണാടകയിലെ ഒരു കോളജില്‍ നഴ്സിങ് പഠനത്തിനും അയച്ചു. ഇരുവരും ഒന്നിച്ചുള്ള ജീവിതം സ്വപ്നം കണ്ട് തുടങ്ങുമ്പോഴേക്കും മേഘ്ന ഒറ്റയ്ക്കായി, തന്‍റെ പത്തൊന്‍പതാം വയസ്സില്‍. ഈ പെണ്‍കുട്ടിയെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ നിസ്സഹായരായി നില്‍ക്കുന്നവര്‍ക്കു മുന്നിയാണ് ശരതിന്‍റെ മരണവാര്‍ത്തയെത്തിയത്. ഇരുപത്തിയേഴ് വയസായിരുന്നു ശരതിന്‍റെ പ്രായം. ഷാജനാണ് ശരത്തിന്‍റെ പിതാവ്. മാതാവ് കോമളം. ശ്യാംജിത്താണ് ഏക സഹോദരന്‍.
കര്‍ണാടക ചാമരാജനഗറില്‍ വച്ചാണ് ജിതിനും സംഘവും സഞ്ചരിച്ചിരുന്ന ഓമ്നി വാനിലേക്ക് മറ്റൊരു ഓമ്നി വാനിടിച്ച് അപകടമുണ്ടായത്. ടയര്‍ പൊട്ടി നിയന്ത്രണം വിട്ടുവന്ന ഓമ്നി വാന്‍ ജിതിന്‍ ഓടിച്ചിരുന്ന വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ജിതിന്‍ മരണപ്പെട്ടു. ഒരു സ്വകാര്യ ക്വാറിയിലെ ജോലിക്കാരനായിരുന്നു ജിതിന്‍. അച്ഛന്‍ ബാബുവും അമ്മ ശ്യാമളയുമാണ് വീട്ടിലുള്ളത്. സഹോദരി ശ്രുതി വിവാഹിതയാണ്.