ജീവിതം കൈവിട്ടെന്ന് തോന്നിയ സമയത്തെല്ലാം കൂട്ടായുണ്ടായിരുന്നത് മനക്കരുത്തും കൈപിടിക്കാന്‍ മുന്നോട്ട് വന്ന കുറെ നല്ല മനുഷ്യരും. പാലക്കാട് എലപ്പുള്ളി പോക്കാന്തോടിലെ ഗിരിജയും ഭിന്നശേഷിക്കാരനായ മകനും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറുകയാണ്. വാടകവീട് മാറി മാറിക്കഴിയുന്നതിനിടെ ഗിരിജയ്ക്കുണ്ടായ അപ്രതീക്ഷിത ആഘാതമായ ക്യാന്‍സറിനെയും ചെറുത്ത് തോല്‍പ്പിച്ച് തണലൊരുക്കാന്‍ മനോരമ ന്യൂസ് വാര്‍ത്തയാണ് തുണയായത്.
തലച്ചോറിനെ ബാധിച്ച അപൂര്‍വ രോഗത്താല്‍ വേദന സഹിക്ക വയ്യാതെ കൈ കടിച്ച് മുറിക്കുന്ന ഒന്‍പതുകാരനായ മകന് ചികില്‍സ നല്‍കണം. സുരക്ഷിതമായ വീട്ടില്‍ അന്തിയുറങ്ങണം. അതിനപ്പുറം മറ്റൊരു ലക്ഷ്യവും ഈ അമ്മയ്ക്കുണ്ടായിരുന്നില്ല.
കരഞ്ഞു തളര്‍ന്ന് ഗിരിജ പറഞ്ഞ സങ്കടങ്ങള്‍ മനോരമ ന്യൂസിലൂടെ നാടാകെ കേട്ടു. അലിവ് തോന്നിയവര്‍ ചെറുതും വലതുമായി സഹായങ്ങള്‍ നല്‍കി. തരക്കേടില്ലാത്ത തുക കിട്ടിയപ്പോള്‍ സ്വന്തമായുള്ള അഞ്ച് സെന്റ് ഭൂമിയില്‍ വീടൊരുക്കാന്‍ നിശ്ചയിച്ചു. അവിടെയാണ് ക്യാന്‍സര്‍ ഗിരിജയുടെ സ്വപ്നങ്ങളുടെ വഴിയടച്ചത്. വീടുണ്ടാക്കാന്‍ കിട്ടിയ സഹായവും ലക്ഷങ്ങള്‍ കടം വാങ്ങിയും ചികില്‍സിച്ചു. സകലതും നഷ്ടപ്പെട്ടെന്ന് കരുതിയ സമയം ഗിരിജുടെ സങ്കടം ആദ്യമേ പുറത്തറിയിച്ച കസബ സ്റ്റേഷനിലെ ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ എന്‍.സായൂജും, അന്‍സല്‍ മുനീറും വീണ്ടും രക്ഷകരായി. നിരവധി സഹായ ഹസ്തങ്ങള്‍ നീണ്ടു. ഒടുവില്‍ അതിജീവനത്തിന്റെ യഥാര്‍ഥ അനുഭവം പറഞ്ഞ് ഗിരിജ അടച്ചുറപ്പുള്ള വീട്ടിലെ ഗൃഹനാഥയായി.
മനോരമ ന്യൂസിലൂടെ ഗിരിജയുടെ ദൈന്യത മനസിലാക്കിയ പ്രവാസിയായ എം.കെ.കരുണാകരനാണ് സ്നേഹ വീടൊരുക്കാന്‍ സാമ്പത്തിക സഹായം നല്‍കിയത്. എലപ്പുള്ളി ഗാര്‍ഡിയന്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ മാനേജ്മെന്റും അധ്യാപകരും ഉള്‍പ്പെടെ പലഘട്ടങ്ങളില്‍ സഹായമെത്തിച്ചതോടെ വലിയ ലക്ഷ്യം യാഥാര്‍ഥ്യമായി. ആറ് വര്‍ഷം മുന്‍പ് ഭര്‍ത്താവിനെ നഷ്ടപ്പെട്ടതോടെയാണ് ഗിരിജയും മക്കളും തനിച്ചായത്. പ്ലസ് ടു വിദ്യാര്‍ഥിയായ മൂത്തമകന്‍ രോഹിത്താണ് അമ്മയുടെയും അനുജന്റെയും കൈപിടിച്ച് കരുത്തോടെ കൂടെയുള്ളത്.