ശബരിമലയില്‍ എല്ലാവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയുള്ള സ്പോട്ട് ബുക്കിങ് ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്. പതിനായിരം ആണ് സ്പോട്ട് ബുക്കിങ്. മണ്ഡല കാലം തുടങ്ങുമ്പോള്‍ തന്നെ ദര്‍ശന സമയം പതിനെട്ടു മണിക്കൂറായിരിക്കുമെന്നും പത്തനംതിട്ട പ്രസ് ക്ലബ്ബിന്‍റെ സുഖദര്‍ശനം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
സ്പോട്ട് ബുക്കിങ്ങ് എന്ന് പേരിട്ട് വിളിക്കാന്‍ മടിയാണെങ്കിലും പതിനായിരം പേര്‍ക്ക് തല്‍സമയ ബുക്കിങ് അനുവദിക്കും. എഴുപതിനായിരം പേര്‍ക്ക് വിര്‍ച്വല്‍ ക്യൂ വഴിയുള്ള പ്രവേശനത്തിന് പുറമേയാണിത്. മുന്‍ വര്‍ഷങ്ങളില്‍ സംഘമായി എത്തുന്നവരില്‍ ഒരാളുടെ മാത്രം ആധാര്‍ മതിയായിരുന്നുവെങ്കില്‍ ഇത്തവണ വരുന്നവരുടെയെല്ലാം ആധാര്‍ നമ്പര്‍ വേണം. പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം എന്നീ മൂന്നു കേന്ദ്രങ്ങളിലാവും ബുക്കിങ്.
പുലര്‍ച്ചെ മൂന്നു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും, ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 11 വരെയുമാണ് നട തുറന്നിരിക്കുക. നിലയ്ക്കലില്‍ പതിനായിരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. പമ്പ, ചക്കുപാലം എന്നിവിടങ്ങളിലെ പാര്‍ക്കിങ് കോടതി നിര്‍ദേശപ്രകാരം ആകും. പമ്പയില്‍ പുതിയ നടപ്പന്തലുകള്‍ പൂര്‍ത്തിയായി. നടതുറക്കുമ്പോള്‍ 40 ലക്ഷം ടിന്‍ അരവണ സ്റ്റോക്ക് ചെയ്യും. അപകടമരണം സംഭവിക്കുന്ന തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. പതിനെട്ടാംപടിയിലെ തൂണുകള്‍ പൊലീസിന് തടസമാകുന്നതില്‍ പരിഹാരത്തിന് ശ്രമിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.