കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ റിമാൻഡിൽ കഴിയുന്ന പി പി ദിവ്യക്ക് ഒടുവിൽ ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 11 ദിവസമായി ജയിലിൽ കഴിയുന്ന ദിവ്യ വൈകിട്ടോടെ പുറത്തിറങ്ങും. അതിനിടെ ദിവ്യയെ പാര്‍ട്ടിയില്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും സിപിഎം ഒഴിവാക്കി.

 

മുൻകൂർ ജാമ്യം തള്ളിയ അതേ കോടതി തന്നെയാണ് പതിനൊന്നാം ദിവസം ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഒറ്റവാക്കിൽ ആയിരുന്നു വിധി പ്രസ്താവം. രണ്ടുപേരുടെ ആൾ ജാമ്യത്തിലാണ് കോടതി ജാമ്യം നൽകിയത്. മൂന്ന് പ്രധാന കർശന ഉപാധികളും കോടതി മുൻപോട്ടു വച്ചു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗത്തിനു മുൻപാകെ ഹാജരാകണം, കണ്ണൂർ ജില്ല വിട്ട് പുറത്തു പോകരുത് , സാക്ഷികളെ സ്വാധീനിക്കരുത് എന്നിങ്ങനെയാണ് ഉപാധികൾ . ഏത് ഉപാധിയും സ്വീകരിക്കാമെന്നായിരുന്നു കോടതിക്കു മുമ്പിൽ ദിവ്യ പറഞ്ഞിരുന്നത്. ജാമ്യം ലഭിക്കില്ലെന്നായിരുന്നു പ്രതിഭാഗം ഉൾപ്പെടെ കരുതിയിരുന്നത്. കോടതിക്ക് മുമ്പിൽ വെച്ച കാര്യങ്ങൾ അംഗീകരിക്കപ്പെട്ടെന്നും നിയമ പോരാട്ടത്തിൽ പുതിയ മുഖം കൈവരുമെന്നും ദിവ്യയുടെ അഭിഭാഷകൻ.  Also Read: പി.പി.ദിവ്യയെ കൈവിട്ട് സിപിഎം; ഇനി പാര്‍ട്ടി ബ്രാഞ്ച് അംഗം മാത്രം...

വിധി ദിവ്യയ്ക്ക് ആശ്വാസകരമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ.വിശ്വന്‍. സുപ്രധാന തെളിവുകള്‍ പരിശോധിക്കാനുണ്ട്. നിരപരാധിത്വം  തെളിയിക്കുമെന്നും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു.

അഭിഭാഷകനുമായി ചര്‍ച്ച ചെയ്ത ശേഷം നിയമനടപടിയുമായി മുന്നോട്ടെന്ന് എഡിഎം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. ജാമ്യം ലഭിക്കുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നില്ലെന്നും നിയമപോരാട്ടം തുടരുമെന്നും മഞ്ജുഷ പറഞ്ഞു.

ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതുകൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ലെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍ . ഗൂഢാലോചന അന്വേഷണിക്കണം.  അന്വേഷണസംഘത്തിന് വേണ്ടത്ര ജാഗ്രതയില്ല . ദിവ്യ പ്രസംഗിക്കുകമാത്രമെ ചെയ്തിട്ടുള്ളു, പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്നും മലയാലപ്പുഴ മോഹനന്‍ പറഞ്ഞു.

യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി.പി. ദിവ്യ, പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ENGLISH SUMMARY:

ADM Naveen Babu's death: Bail for PP Divya