തിരുവനന്തപുരം വിളവൂർക്കലിൽ മേല്‍ക്കൂര തുളച്ചെത്തിയ വെടിയുണ്ട വീട്ടിലെ സോഫയില്‍ വീണു. വിളവൂര്‍ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന ആനന്ദിന്റെ വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് തുളച്ചാണ് വെടിയുണ്ട എത്തിയത്. വീടിനു സമീപം മൂക്കുന്നിമലയിലെ വ്യോമസേനാ ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ലക്ഷ്യം തെറ്റി എത്തിയ വെടിയുണ്ടായാകാം ഇതെന്നാണ് നിഗമനം.
സംഭവസമയത്ത് വീട്ടുകാര്‍ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. വീടിന്റെ ഹാളിലെ സോഫയിലാണ് വെടിയുണ്ട കിടന്നതെന്ന് വീട്ടുകാര്‍ പറയുന്നു. എ കെ 47 തോക്കിലെ വെടിയുണ്ടയാണ് കണ്ടെത്തിയതെന്നാണ് വിവരം.
പൊലീസിന്റെയും പട്ടാളത്തിന്റെയുമൊക്കെ പരിശീലനത്തിനിടെ വെടിയുണ്ട ജനവാസ മേഖലയിലെത്തുക പതിവെന്ന് നാട്ടുകാർ പറയുന്നു. അഞ്ചുവര്‍ഷം മുമ്പ് വിളവൂര്‍ക്കലിലെ തന്നെ മറ്റൊരു വീട്ടില്‍ ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ലക്ഷ്യം തെറ്റിയ എത്തിയ വെടിയുണ്ട തുളച്ച് കയറിയിരുന്നു.