കേന്ദ്ര ഏജന്‍സിയായ പെസോയുടെ കടുത്ത നിയമങ്ങള്‍ കാരണം തൃശൂര്‍ പൂരം വെടിക്കെട്ട് മായക്കാഴ്ചയാകുമെന്ന് മന്ത്രി കെ.രാജന്. പൂരം വെടിക്കെട്ട് അട്ടിമറിക്കാന്‍ പെസോ ഉദ്യോഗസ്ഥര്‍ക്കു പിന്നില്‍ ശിവകാശി ലോബിയാണെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ആരോപിച്ചു. സി.പി.ഐ. തൃശൂരില്‍ സംഘടിപ്പിച്ച പൂരം പ്രതിസന്ധി സെമിനാറായിരുന്നു വേദി.
അടുത്ത തവണത്തെ പൂരം വെടിക്കെട്ട് മായക്കാഴ്ചയാകുമോയെന്ന ആശങ്കയാണ് റവന്യൂമന്ത്രി കെ.രാജന് പങ്കുവച്ചത്. പൂരത്തിന് ആംബുലന്‍സില്‍ വന്നത് മായക്കാഴ്ചയാണെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വെടിക്കെട്ടുമായി മായക്കാഴ്ചയെ മന്ത്രി ബന്ധപ്പെടുത്തിയത്. പൂരം വെടിക്കെട്ടിനെതിരായ പെസോയുടെ ഉത്തരവ് ശിവകാശി സംഘത്തിന്റെ സമ്മര്‍ദ്ദഫലമായാണെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ആരോപിച്ചു. പൂരം പ്രൗഢിയോടെ നിലനിര്‍ത്താന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് വി.എസ്.സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
പെസോയുടെ പുതിയ നിയമങ്ങള്‍പ്രകാരം പൂരം വെട്ടിക്കെട്ട് തൃശൂര്‍ നഗരത്തില്‍ നടത്താനാകില്ല. കേന്ദ്ര നിയമത്തില്‍ ദേശക്കാര്‍ അമര്‍ഷത്തിലാണ്. ഇതു തിരിച്ചറിഞ്ഞാണ് സി.പി.ഐ. സെമിനാര്‍ സംഘടിപ്പിച്ചത്.