ബുധനാഴ്ച വൈകിട്ട് മുതല്‍ കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ പി.ബി. ചാലിബ് ഇന്നു രാവിലെ ഭാര്യയെ ഫോണില്‍ വിളിച്ചു. ചാലിബിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചതിന് പിന്നാലെയാണ് ആശ്വാസം നല്‍കുന്ന ഫോണ്‍കോളെത്തിയത്. ബുധനാഴ്ച വൈകിട്ട് താലൂക്ക് ഒാഫീസില്‍ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ ചാലിബിന് വേണ്ടിയുളള അന്വേഷണം തുടരുന്നതിനിടെയാണ് ഭാര്യയുടെ ഫോണിലേക്ക് വിളിയെത്തിയത്. താന്‍ സുരക്ഷിതനായുണ്ടെന്നും മടങ്ങി എത്താമെന്നുമാണ് അറിയിച്ചത്.
മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പ്രകാരം മംഗളുരു ഭാഗത്ത് ചാലിബുണ്ടെന്ന നിഗമനത്തില്‍ കേരള പൊലീസ് അന്വേഷണം തുടരുകയാണ്. പൊലീസ് സംഘവും മംഗളുരുവിലുണ്ട്. കുടുംബവുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന മികച്ച ഉദ്യോഗസ്ഥനാണ് ചാലിബ്. ചാലിബിനെ കാണാതായതുകൊണ്ട് ഏകമകള്‍ ഇന്നലെ നടന്ന ഉപജില്ല സ്കൂള്‍ കലോല്‍സവത്തില്‍ പങ്കെടുത്തിരുന്നില്ല. ഡെപ്യൂട്ടി കലക്ടറെ എത്രയും വേഗം നാട്ടിലെത്തിക്കാനുളള ശ്രമം പുരോഗമിക്കുകയാണ്.
തിരൂർ മാങ്ങാട്ടിരി സ്വദേശിയാണ് ചാലിബ്. ബുധനാഴ്ച വൈകിട്ട് ഓഫിസിൽ നിന്ന് ഇറങ്ങിയതാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം സംശയിക്കുന്നത്. ബുധനാഴ്ച രാത്രി ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. വ്യാഴാഴ്ച രാവിലെ 6.55 ന് വീണ്ടും ഓണായി. മിനിട്ടുകൾക്കുള്ളിൽ വീണ്ടും ഓഫായി. ഈ സമയം ഫോണ്‍ ലൊക്കേഷൻ കോഴിക്കോട് പാളയമാണെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്.